Kerala
Bank loan fraudin kannur,CPM leader suspended
Kerala

ചെറുകുന്ന് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ്; സി.പി.എം നേതാവ് കൂടിയായ ബാങ്ക് മാനേജർക്ക് സസ്‌പെൻഷൻ

Web Desk
|
22 July 2023 1:06 AM GMT

നാലു വർഷം മുൻപാണ് ബാങ്കിൽ നിന്നും മുത്തുകുമാർ അംഗങ്ങൾ അറിയാതെ വായ്പ എടുത്തത്

കണ്ണൂർ: ചെറുകുന്ന് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് നടത്തിയതിൽ സി.പി.എം നേതാവ് കൂടിയായ ബാങ്ക് മാനേജർക്ക് സസ്പെൻഷൻ. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം ജെ. മുത്തുകുമാറിനെയാണ് ഭരണ സമിതി സസ്പെന്റ് ചെയ്തത്. തട്ടിപ്പിൽ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം ആരംഭിച്ചു.

ബാങ്കിലെ 9 അംഗങ്ങളുടെ പേരിൽ 18 ലക്ഷം രൂപ വായ്പയെടുത്ത് തിരിമറി നടത്തിയ സംഭവത്തിലാണ് ജീവനക്കാരനായ മുത്തു കുമാറിനെ ബാങ്ക് ഭരണ സമിതി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. വിവരം പുറത്തു വന്നതിനു പിന്നാലെ ഭരണ സമിതി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വായ്പ അനുവദിക്കുന്നതിൽ മുത്തുകുമാറിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബാങ്കിൽ നടന്ന ലക്ഷങ്ങളുടെ വായ്പ ക്രമക്കേട് സംബന്ധിച്ച്‌ ഇന്നലെ മീഡിയവൺ വാർത്ത നൽകിയതിന് പിന്നാലെ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ബന്ധപ്പെട്ടവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുത്തുകുമാറിന്റെ കാലത്ത് ബാങ്കിൽ നടന്ന ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ചാലുടൻ ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരെ വകുപ്പ് തല നടപടിയും ഉണ്ടാകും. നാലു വർഷം മുൻപാണ് ബാങ്കിൽ നിന്നും മുത്തുകുമാർ അംഗങ്ങൾ അറിയാതെ വായ്പ എടുത്തത്. പരാതി ഉയർന്നതിനെ തുടർന്ന് സിപിഎം അന്വേഷണം നടത്തുകയും മുത്തു കുമാറിന്റെ ഒരു വര്‍ഷത്തേക്ക് ലോക്കൽ കമ്മറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു .

അതേസമയം, ക്രമക്കേട് നടത്തിയ പണം പാർട്ടി നിയന്ത്രണത്തിലുള്ള ക്ലബ്ബിന്റെ നിർമ്മാണത്തിനായി മുത്തു കുമാർ വിനിയോഗിച്ചതായും സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ആരോപണമുണ്ട്.


Similar Posts