പറവൂരിലെ ബാങ്ക് ജപ്തി: വീട്ടുമുറ്റത്ത് കഴിഞ്ഞ റാഫിക്കും മാതാവിനും ആശ്വാസം; കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും
|വീട് ബാങ്ക് ജപ്തി ചെയ്തതോടെ പ്രതിസന്ധിയിലായ റാഫിയുടെ ദുരിതം മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിറകെയാണ് പഞ്ചായത്ത് ഇടപെടൽ
കൊച്ചി: എറണാകുളം പറവൂരിൽ വീട് ബാങ്ക് ജപ്തി ചെയ്തതോടെ പ്രതിസന്ധിയിലായ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. കണ്ണിന് കാഴ്ചയില്ലാത്ത അമ്മയുമായി വീട്ടുമുറ്റത്ത് കഴിയുന്ന പറവൂർ സ്വദേശി റാഫിയുടെ ദുരിതം മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിറകെയാണ് പഞ്ചായത്ത് ഇടപെടൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിഷയത്തിൽ ഇടപെട്ടു.
റാഫിയുടെയും കണ്ണിന് പൂർണ്ണമായും കാഴ്ച ശക്തി നഷ്ടപ്പെട്ട അമ്മയുടെയും ദുരിത ജീവിതം ഇന്ന് രാവിലെയാണ് മീഡിയവൺ പുറത്തുകൊണ്ടുവന്നത്. റാഫിയുടെ പിതാവ് വറീദ് ബാങ്കിൽ നിന്നും എടുത്ത ലോൺ തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതോടെ കഴിഞ്ഞ ആറ് ദിവസമായി വീടിന് പുറത്ത് കഴിയുകയാണ്ഇരുവരും. 2010ലെടുത്ത നാല് ലക്ഷം രൂപ പലിശയടക്കം 24 ലക്ഷം രൂപയിൽ എത്തി. മൂന്നുവർഷം മുമ്പ് പിതാവ് വറീത് മരിച്ചു. പീനട് വീട് ജപ്തി ചെയ്യാനുള്ള കോടതിവിധി വന്നത്.
റാഫിയെയും അമ്മയെയും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുന്നതിനാണ് പഞ്ചായത്ത് പ്രഥമ പരിഗണന നൽകുന്നതെന്നും ലോൺ അടയ്ക്കാൻ സഹായം നൽകുന്നതിന് നിയമപരമായ തടസ്സമുണ്ടെന്നും പഞ്ചായത്ത് മെമ്പർ പറയുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഓഫീസ് റിക്കവറി ഓഫീസർമായി ബന്ധപ്പെട്ടു. റീജിയണൽ മാനേജറുമായി സംസാരിച്ച ശേഷം ലോൺ തുകയിൽ ഇളവ് നൽകാൻ ആകുമോ എന്നറിയിക്കാം എന്നാണ് ബാങ്കിന് നിലപാട്.