ബാർകോഴ: വാട്‍സ്ആപ് ഗ്രൂപ്പിലുള്ളത് ഭാര്യാപിതാവിന്റെ നമ്പറെന്ന് അർജുൻ; മൊഴിയിൽ വൈരുധ്യമെന്ന് ക്രൈം ബ്രാഞ്ച്
|ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ അർജുൻ രാധാകൃഷ്ണൻ ആയിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുന്റെ മൊഴിയിൽ വൈരുധ്യമെന്ന് ക്രൈം ബ്രാഞ്ച്. ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ നമ്പറുമായി ബന്ധപ്പെട്ടാണ് വൈരുധ്യം. ഗ്രൂപ്പിലുള്ള നമ്പർ ഇപ്പോഴും ഭാര്യാപിതാവിന്റേതെന്ന് അർജുന്റെ മൊഴി.
നമ്പർ അർജുന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. നമ്പർ ഉപയോഗിക്കുന്നത് അർജുനെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. നമ്പറിന്റെ ഉടമസ്ഥത മാറ്റിയത് ഭാര്യാപിതാവിന്റെ മരണശേഷമാണ്.
കഴിഞ്ഞ ദിവസമാണ് അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസയച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരം ജവഹർ നഗർ ഓഫീസിൽ എത്തണമെന്നായിരുന്നു നോട്ടീസ്. ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ അർജുൻ രാധാകൃഷ്ണൻ ആയിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. നിലവിൽ അഡ്മിൻ അല്ലെങ്കിലും ഗ്രൂപ്പിലുണ്ട്. നോട്ടീസ് നേരിട്ട് കൈപ്പറ്റാൻ തയ്യാറായില്ല. പിന്നീട് ഇ-മെയിൽ വഴിയാണ് ക്രൈംബ്രാഞ്ച് നോട്ടീസയച്ചത്.
അതേസമയം, സർക്കാറിന്‍റേത് ചീപ്പ് നടപടിയെന്ന് മകൻ അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. 'തനിക്ക് നോട്ടീസ് അയച്ച് വിവാദം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നു...താൻ ഒരു അസോസിയേഷനിലും അംഗമല്ല. താൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്ന് തെളിയിക്കട്ടെ. ഇല്ലാത്ത കാര്യത്തിൽ പിടിച്ചിടാനാണ് സർക്കാർ ശ്രമമെന്നും അർജുൻ മീഡിയവണിനോട് പറഞ്ഞു. താൻ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമല്ല. അസോസിയേഷൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുമില്ലെന്നും അർജുൻ ആവർത്തിച്ചിരുന്നു.