Kerala
Bar bribery allegations,breaking news malayalam,മദ്യനയക്കോഴ ആരോപണം,ബാര്‍ അസോസിയേഷന്‍,
Kerala

കെട്ടിടം വാങ്ങുന്നതിനെ കുറിച്ച് പരാമർശമില്ല; ബാറുടമകളുടെ യോഗത്തിന്റെ അജണ്ട പുറത്ത്

Web Desk
|
24 May 2024 6:57 AM GMT

കെട്ടിടനിർമാണത്തിനാണ് പണപ്പിരിവ് നടത്തുന്നതെന്നായിരുന്നു സംഘടനാ പ്രസിഡന്‍റ് സുനില്‍കുമാറിന്‍റെ വിശദീകരണം

തിരുവനന്തപുരം: മദ്യനയക്കോഴയാരോപണം വിവാദമായി തുടരുമ്പോൾ ബാറുടമകളുടെ യോഗത്തിൻ്റെ അജണ്ട പുറത്ത്. ഇന്നലെത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗ അജണ്ടയിൽ കെട്ടിടം വാങ്ങുന്നതിനെ കുറിച്ച് പരാമർശമില്ല.പുതിയ മദ്യ നയവും ബാറുകളിലെ പരിശോധനയും അജണ്ടയിലുണ്ട്.

മദ്യനയ കോഴയാരോപണം തള്ളി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റെ വി.സുനിൽകുമാര്‍ രംഗത്തെത്തിയിരുന്നു. കെട്ടിടനിർമാണത്തിനാണ് പണപ്പിരിവ് നടത്തുന്നതെന്നായിരുന്നു സുനില്‍കുമാര്‍ നല്‍കിയ വിശദീകരണം.

'ഒരാവശ്യത്തിനും സർക്കാർ സമീപിച്ചിട്ടില്ല. സർക്കാറുമായി ബന്ധപ്പെട്ട് പണപ്പിരിവ് ആവശ്യമില്ല. പണപ്പിരിവിന് നിർദേശിച്ചിട്ടില്ലെന്നും സംഘടനാ പ്രസിഡന്റ് പറഞ്ഞു. 'വിവാദത്തിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളാണ്.ചിലർ സംഘടനക്കെതിരായി പ്രവർത്തിക്കുന്നു. ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്‌പെൻഡ് ചെയ്തതാണ്'. വിവാദത്തിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളെന്നും സുനിൽകുമാർ പറഞ്ഞു.

മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്നുള്ള ശബ്ദരേഖ പുറത്ത് വന്നിരുന്നു. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടനാ വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്.രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നു.

മദ്യനയത്തിന്‍റെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എക്സൈസ് മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 25 കോടി രൂപയുടെ വമ്പൻ അഴിമതി നടത്തിയെന്നും മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റെ കെ.സുധാകരൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പും വലിയ തുക സമാഹരിച്ചെന്നും കെ.സുധാകരൻ ആരോപിച്ചു.

Similar Posts