കേരളത്തിലെ കത്തോലിക്ക സമൂഹത്തിന് പ്രത്യാശ നൽകുന്നതാണ് മോദി-മാര്‍പാപ്പ കൂടിക്കാഴ്ചയെന്ന് ബസേലിയോസ് ക്ലീമിസ് ബാവ
|മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു
കേരളത്തിലെ കത്തോലിക്ക സമൂഹത്തിന് പ്രത്യാശ നൽകുന്ന കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുള്ളതെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അനുകൂലമായാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നും ക്ലീമിസ് ബാവ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ക്ലീമിസ് ബാവയുടെ പ്രതികരണം.
ഇന്ത്യയിൽ ക്രൈസ്തവരും മറ്റ് ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന ദുരിതം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മാർപ്പാപ്പ സൂചിപ്പിക്കുമെന്ന് സിറോ മലബാർ സഭാ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട് പറഞ്ഞു. ആരും പീഡനത്തിന് വിധേയമാകരുതെന്ന സന്ദേശമായിരിക്കും മാർപാപ്പ ഇന്ത്യക്ക് നൽകുക. മാർപാപ്പയുടെ ഇന്ത്യാസന്ദർശനം അടുത്ത വർഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുവേണ്ട നടപടികൾ കേന്ദ്രസർക്കാർ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പോൾ തേലക്കാട്ട് മീഡിയവണിനോട് പറഞ്ഞു.
കത്തോലിക്ക സഭയ്ക്കും വിശ്വാസികൾക്കും കേന്ദ്ര സർക്കാർ നൽകുന്ന പ്രാധാന്യമാണ് മോദി-മാർപാപ്പ കൂടിക്കാഴ്ചയിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ലോകത്തിന് സമാധാനത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും സന്ദേശം നൽകുന്ന കൂടിക്കാഴ്ചയാണെന്നും മുരളീധരന്‍ പറഞ്ഞു. സമൂഹങ്ങൾക്കിടയിൽ ഐക്യം നിലനിർത്താൻ പ്രേരണ നൽകുന്ന കൂടിക്കാഴ്ചയാണെന്നും കേരളത്തിലെ വിശ്വാസി സമൂഹത്തിനിടയിൽ ഐക്യം ഉറപ്പാക്കുന്നതാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.