മഹാഇടയന് വിട; പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ സംസ്കാരം ഇന്ന്
|കോട്ടയം ദേവലോകം അരമനയിലാണ് ചടങ്ങുകൾ.
ഇന്നലെ അന്തരിച്ച മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകിട്ട് കോട്ടയം ദേവലോകം അരമനയിലാണ് ചടങ്ങുകൾ. പരുമല സെന്‍റ് ഗ്രിഗോറിയസ് ദേവാലയത്തിലെ പ്രാർത്ഥന ചടങ്ങുകൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കോട്ടയത്തെത്തിച്ചത്. സഭാ ആസ്ഥാനത്ത് ഇന്ന് പൊതുദർശനം തുടരും.
പത്തനംതിട്ട പരുമല സെന്‍റ് ഗ്രിഗോറിയസ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു കാതോലിക്ക ബാവയുടെ അന്ത്യം. രണ്ട് വർഷത്തിലേറെയായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിനാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കയായി അദ്ദേഹം വാഴിക്കപ്പെട്ടത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു മാര്‍ പൗലോസ് ദ്വിതീയന്‍.