അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് സമ്മതിച്ച് ബാസിത്
|ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതിയിൽ അഖിൽ മാത്യൂവിന്റെ പേരെഴുതിച്ചേർത്തത് താനാണെന്നും ബാസിത് സമ്മതിച്ചു.
തിരുവനന്തപുരം: അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് സമ്മതിച്ച് ഹരിദാസന്റെ സുഹൃത്ത് ബാസിത്. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞത് ഹരിദാസനിൽനിന്ന് പണം തട്ടാനാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതിയിൽ അഖിൽ മാത്യൂവിന്റെ പേരെഴുതിച്ചേർത്തത് താനാണെന്നും ബാസിത് സമ്മതിച്ചു.
കേസുമായി ബന്ധപ്പെട്ട് ബാസിതിനുള്ള പങ്ക് നേരത്തെ തന്നെ ഹരിദാസൻ പറഞ്ഞിരുന്നു. അഖിൽ മാത്യൂവിന് പണം നൽകിയെന്ന് പറഞ്ഞത് ബാസിതിന്റെ ഭീഷണി മൂലമാണെന്നും ഹരിദാസൻ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് ബാസിത് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.
ബാസിതിനെ കോടതി ഈ മാസം 23 വരെ റിമാൻഡ് ചെയ്തു. ബാസിത് ഹരിദാസനിൽനിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഹരിദാസന്റെ മരുമകൾക്ക് നിയമന വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. ബാസിതിന്റെ പേരിൽ പൊലീസ് ഗൂഢാലോചനാക്കുറ്റവും ചുമത്തി.
അതേസമയം ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന നിലപാടിലാണ് പൊലീസ്. അഖിൽ മാത്യുവിന്റെ പേരെഴുതിച്ചേർത്തത് യാദൃശ്ചികമാണെന്ന് പൊലീസ് കരുതുന്നില്ല. രാഷ്ട്രീയ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.