Kerala
തിരുവനന്തപുരത്ത് പുലിമുട്ട് വാഗ്ദാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ; രൂക്ഷ വിമർശനവുമായി ശശി തരൂർ
Kerala

തിരുവനന്തപുരത്ത് പുലിമുട്ട് വാഗ്ദാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ; രൂക്ഷ വിമർശനവുമായി ശശി തരൂർ

Web Desk
|
25 March 2024 1:23 AM GMT

പുലിമുട്ട് ആവശ്യപ്പെട്ടപ്പോൾ കൈമലർത്തിയവർ ഇന്ന് ജനത്തെ വിഡ്ഢിയാക്കുന്നെന്ന് തരൂർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശ മേഖലയായ പൊഴിയൂരിന്റെ വികസനത്തെ ചൊല്ലി യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ പോര്. പൊഴിയൂരിൽ പുലിമുട്ട് അനുവദിച്ചെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണമാണ് തരൂരിനെ ചൊടിപ്പിച്ചത്. കടലാക്രമണം തടയാൻ പുലിമുട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോൾ കൈമലർത്തിയവർ ഇപ്പോൾ ജനങ്ങളെ വിഡ്ഢിയാക്കുകയാണെന്ന് തരൂർ പറഞ്ഞു.

രൂക്ഷമായ കടലാക്രമണവും തീരശോഷണവും നേരിടുന്ന മേഖലയാണ് പൊഴിയൂരും പൂവാറും. ശശി തരൂരിന്റെ ശക്തി കേന്ദ്രങ്ങളായ തീരമേഖലകളിൽ ഇറങ്ങിച്ചെന്നുള്ള പ്രചരണമാണ് രാജീവ് ചന്ദ്രശേഖർ നടത്തുന്നത്. ആദ്യം പൊഴിയൂർ സന്ദർശിച്ച് മടങ്ങിയ രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയത് പൊഴിയൂർ മുതൽ കൊല്ലംങ്കോട് വരെ പുലിമുട്ടും പൊഴിയൂരിൽ മത്സ്യതൊഴിലാളി ഹാർബറും നിർമിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഇറക്കിയ ഉത്തരവുമായിട്ടായിരുന്നു. ഇതോടെയാണ് എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ രൂക്ഷ വിമർശനവുമായി തരൂർ രംഗത്തെത്തിയത്. പുലിമുട്ടിനായി മൂമ്പ് കേന്ദ്ര മന്ത്രാലയത്തെ താൻ സമീപിച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ ചുമതലയാണ് പുലിമുട്ട് നിർമാണെന്ന് പറഞ്ഞ് അവർ കൈമലർത്തി. സംസ്ഥാന സർക്കാരിന്റെ അടുത്ത് വന്നപ്പോൾ പണമില്ലെന്ന് പറഞ്ഞു. അന്ന് ഒന്നും ചെയ്യാത്ത ബിജെപി ഇപ്പോൾ ജനങ്ങളെ വിഡ്ഢിയാക്കകുകയാണ്.

അതിനിടെ സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് 386 കോടിയുടെ പൊഴിയൂർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പണം ഇല്ലാത്ത സർക്കാർ ഇതെങ്ങനെ നടത്തുമെന്ന് വ്യക്തമാക്കണം. ചെയ്ത കാര്യങ്ങൾ കൊട്ടിഘോഷിച്ച് താൻ ഫ്‌ലക്‌സ് വെക്കാൻ പോയില്ല. എന്ത് ചെയ്‌തെന്ന് ജനങ്ങൾക്ക് അറിയാവുന്നതിനാൽ തീരദേശത്ത് നിന്ന് വോട്ട് ചോരുമെന്ന് ഭയമില്ല. പൂവാർ കപ്പൽശാല പദ്ധതിക്കും ഫണ്ട് തടസ്സമുണ്ടെന്ന് തരൂർ പറഞ്ഞു.


Similar Posts