കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം: സ്ഥലം ബിസിസിഐ അപ്രൂവൽ ചെയ്തു
|750 കോടി രൂപ ചെലവിൽ കൊച്ചിൻ സ്പോർട്സ് സിറ്റി നിർമിക്കാനും ആലോചന
കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലം ബിസിസിഐ അപ്രൂവൽ ചെയ്തു. സർക്കാരിന് മുന്നിൽ പ്രൊപോസലും ഡിസൈനും സമർപ്പിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു.കൊച്ചിൻ സ്പോർട്സ് സിറ്റി ആണ് ആലോചനയിലുള്ളതെന്നും നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന്റെ എഗ്രിമെന്റ് നീട്ടണം എന്നും ആവശ്യപ്പെടും.33 വർഷത്തേക്ക് കരാർ നീട്ടണം എന്നാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പുതിയ സ്റ്റേഡിയം നിർമിക്കാനായുള്ള ഭൂമി എറണാകുളം ജില്ലയിൽ വാങ്ങുന്നതിന് കെസിഎ പത്രപ്പരസ്യം നൽകിയിരുന്നു. 20 മുതൽ 30 ഏക്കർ വരെ സ്ഥലം ഏറ്റെടുക്കാനായിരുന്നു കെസിഎയുടെ തീരുമാനം.
നിലവിൽ കേരളത്തിൽ, തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത്. എന്നാൽ ഇതു കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ്. ഈ സ്റ്റേഡിയം പാട്ടത്തിനെടുത്താണ് കെസിഎ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നേരത്തെ ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതു പൂർണമായും ഫുട്ബോൾ സ്റ്റേഡിയമാക്കി. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കലൂർ സ്റ്റേഡിയം.