ബ്ലേഡ് മാഫിയ സംഘത്തിന്റെ മർദനം; ചികിത്സയിലിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു
|നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലിയായിരുന്നു മർദനം
പാലക്കാട്: പണമിടപാടുകാരുടെ മർദനമേറ്റ കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്. ഓഗസ്റ്റ് ഒമ്പതിന് പാലക്കാട് കുളവൻമുക്കിലുള്ള സാമ്പത്തിക ഇടപാടുകാർ മനോജിന് നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലി ആക്രമിച്ചുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. പലിശക്ക് പണം നൽകുന്ന ബ്ലേഡ് മാഫിയ സംഘമാണ് മനോജിനെ മർദിച്ചതെന്നും ബന്ധുക്കൾ മൊഴി നൽകി.
ആക്രമണമുണ്ടായ ദിവസം വൈകീട്ട് അവശനിലയിലായ മനോജ് സഹോദരിയുടെ കൊടുവായൂരിലുള്ള വാടക വീട്ടിലേക്ക് വന്നിരുന്നു. തുടർന്ന് ആരോഗ്യ സ്ഥിതി മോശമാകുകയും മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അപകടത്തെതുടർന്ന് മനോജിൻ്റെ ശരീരത്തിലുണ്ടായിരുന്ന ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മനോജിനെ പണമിടപാട് സംഘം നിരന്തരമായി ഭീഷണപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി യുവജന ക്ഷേമ ബോർഡ് അംഗവും അയൽവാസിയുമായ ഷനിൽ മീഡിയാവണിനോട് പറഞ്ഞു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മനോജിന്റെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.