Kerala
Student protest against calicut nit management
Kerala

എൻഐടിയിലെ സംഘർഷം: മലയാളി വിദ്യാർഥികളെ മർദിച്ചതിൽ കേസെടുത്തു

Web Desk
|
3 Feb 2024 2:46 PM GMT

ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ അടക്കം 10 പേർക്കെതിരെയാണ് കേസ്

കോഴിക്കോട്: എൻഐടിയിൽ മലയാളി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ അടക്കം 10 പേർക്കെതിരെയാണ് കേസ്. തടഞ്ഞ് വെച്ച് ഭീഷിണിപ്പെടുത്തൽ, മാരകമായി പരിക്കേൽപ്പിക്കാൻ ശ്രമം എന്നി വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. രണ്ടാം വർഷ വിദ്യാർഥി കൈലാഷ് നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം നടന്ന വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിലും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസ്.

ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ സംഘ്പരിവാർ അനുകൂല സംഘടനകൾ ദേശീയ ഭൂപടം കാവി നിറത്തിൽ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇവരെയാണ് മർദിച്ചത്. പ്രതിഷേധിച്ച ദലിത് വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വൈശാഖിന്റെ സസ്പെൻഷൻ മരവിപ്പിച്ചു. വൈശാഖിന്റെ അപ്പീലിൽ ഉന്നതാധികാര സമിതി തീരുമാനമെടുക്കുന്നത് വരെ സസ്പെൻഷൻ മരവിപ്പിക്കുന്നു എന്നാണ് സ്റ്റുഡൻസ് ഡീൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാമ്പസിൽ കാവി ഇന്ത്യ വരച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് വൈശാഖിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. വിശദീകരണം ചോദിക്കുകയോ മറ്റു നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്യാതെ ഏകപക്ഷിയമായാണ് കോളജ് അധികൃതർ വൈശാഖിനെതിരെ നടപടിയെടുത്തത്.

വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതിനെതിരെ ഫ്രറ്റേണിറ്റി, കെ.എസ്.യു, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാർഥി സംഘടനകൾ കാമ്പസിലേക്ക് മാർച്ച് നടത്തിയിരുന്നു. സസ്പെൻഷൻ പിൻവലിക്കാതെ കാമ്പസിൽനിന്ന് പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ. പ്രതിഷേധം കനത്തതോടെയാണ് സസ്പെൻഷൻ മരവിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.



Similar Posts