Kerala
വ്യാജ ലഹരിക്കേസില്‍ 72 ദിവസം ജയിലില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ
Kerala

വ്യാജ ലഹരിക്കേസില്‍ 72 ദിവസം ജയിലില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ

Web Desk
|
1 July 2023 9:08 AM GMT

ലാബ് റിപ്പോര്‍ട്ട് വന്നപ്പോള്‍ പരാതിക്കാരിയുടെ ബാഗില്‍ നിന്ന് എക്‌സൈസിന് കിട്ടിയത് ലഹരിമരുന്നല്ലെന്ന് വ്യക്തമാവുകയായിരുന്നു

തൃശൂര്‍: വ്യാജ ലഹരി കേസില്‍ കുടുക്കി ചാലക്കുടി സ്വദേശിനിയെ ജയിലിലിട്ടെന്ന് പരാതി. എല്‍.എസ്.ഡി സ്റ്റാംപ് കടത്തിയെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കി 72 ദവസം ജയിലിലിട്ടെന്നാണ് പരാതി. സംഭവത്തില്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് പരാതിക്കാരിയായ ഷീല.

ഒരു തെറ്റും ചെയ്യാത്ത കേസിലാണ് 72 ദിവസം ജയിലില്‍ കിടന്നതെന്നും അതിന് ശേഷം മരുമകന്‍ ഒരു വക്കീലിനെ സമീപിച്ചതിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നും ഷീല മീഡിയവണിനോട് പറഞ്ഞു.

ഇപ്പോള്‍ ക്രൈം ബ്രാഞ്ചും എക്‌സൈസും കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും എന്നാല്‍ സംശയമുള്ള ആളുകളെ ഇതുവരെ ചോദ്യം ചെയ്തിട്ട് പോലുമില്ലെന്നും ഷീല ആരോപിച്ചു.

തന്റെ ജീവിത മാര്‍ഗമായിരുന്ന ബ്യൂട്ടി പാര്‍ലര്‍ അടച്ചുപൂട്ടിയെന്നും ഇപ്പോള്‍ മഖകളുടെ വീട്ടിലാണ് താമസിക്കുന്നതെന്നും കട ബാധ്യതകള്‍ തീര്‍ക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രതികരണവുമായി എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷും രംഗത്തെത്തി. എക്‌സൈസ് പരിശേധനയെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കേസില്‍ എക്‌സൈസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയില്‍ നിന്ന് കണ്ടെത്തിയത് ലഹരി മരുന്നല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. പരിശേധനയുടെ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. ഇതിനെത്തുടര്‍ന്നാണ് തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് അരോപണവുമായി ഷീല രംഗത്തെത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലക്കുടിയില്‍ ഷീല നടത്തിവന്ന ബ്യൂട്ടി പാര്‍ലറില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം.

Similar Posts