തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണം; കലക്ടർ ഉത്തരവിറക്കി
|സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ, വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ ഉൾപ്പെടെയുള്ളവ മാറ്റിവെക്കാനാണ് നിർദേശം
തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കാൻ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ, വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ ഉൾപ്പെടെയുള്ളവ കോവിഡ് ചികിത്സക്കായി മാറ്റിവെക്കാനാണ് നിർദേശം.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും സഹകരണ ആശുപത്രികൾക്കുമായി ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത തുടരണം. ചെറിയ ലക്ഷണങ്ങളുള്ളവർ പോലും പരിശോധനകൾക്ക് തയാറാകണമെന്നും പൊതുയിടങ്ങളിലുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
എല്ലാ കോവിഡ് ചികിത്സാ കേന്ദ്രങ്ങളും കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി കൃത്യമായി ആശവിനിമയം നടത്തണമെന്നും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലഫോൺ നമ്പർ നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
ഐ.സി.യു വെന്റിലേറ്റർ കിടക്കൾ ഉൾപ്പെടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ, കോവിഡ് ബാധിതരായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം, ഡിസ്ചാർജ്, റെഫർ ചെയ്യുന്ന രോഗികളുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഓരോ നാല് മണിക്കൂർ ഇടവിട്ട് കോവിഡ് ജാഗ്രതാ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഇതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാതെ, കോവിഡ് രോഗികളെ സർക്കാർ ആശുപത്രികളിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ റെഫർ ചെയ്യാൻ പാടില്ല. കോവിഡ് ബാധിതരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് കൃത്യമായ നിരീക്ഷണം നടത്തണം. ലക്ഷണമില്ലാത്ത രോഗികളെ ഹോം ഐസൊലേഷനിൽ വിടണം. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകണം പരിശോധനകൾ നടത്തേണ്ടത്. കോവിഡ് പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളും ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അടിയന്തരമായി കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.