'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു'; അറ്റ്ലസ് രാമചന്ദ്രനെ അവഹേളിച്ച് അഡ്വ. ജയശങ്കര്‍
|ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്
അന്തരിച്ച വ്യവസായിയും നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രനെ അവഹേളിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കര്‍ അവഹേളിച്ചത്. അറ്റ്ലസ് രാമചന്ദ്രന്റെ പെട്ടെന്നുള്ള വിയോഗത്തെ 'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു' എന്നാണ് ജയശങ്കര്‍ വിശേഷിപ്പിച്ചത്. ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
"ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..
ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. ഇന്ത്യാവിഷൻ ചാനലിൻ്റെ ഡയറക്ടർ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകർന്നു, ജയിൽ വാസം അനുഭവിച്ചു.
പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി."
ഒരാൾ മരിച്ച് കിടക്കുമ്പോൾ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവുമെന്നാണ് ഒരാളുടെ ഫേസ്ബുക്ക് കമന്റ്. നിരവധി പേരാണ് ജയശങ്കറിനെ വിമര്‍ശിച്ച് കമന്റുകളില്‍ രംഗത്തുവന്നിട്ടുള്ളത്.
ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ് അറ്റ്ലസ് രാമചന്ദ്രന്റെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്. മൃതദേഹ പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. തിങ്കളാഴ്ച വൈകുന്നേരം നാലിന് ദുബൈ ജബല്‍ അലി ശ്മശാനത്തില്‍ ആയിരിക്കും മൃതദേഹം അടക്കം ചെയ്യുക. വയറിലെ മുഴയുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് അറ്റ്ലസ് രാമചന്ദ്രനെ മൂന്ന് ദിവസം മുൻപ് ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.