ബംഗളൂരു സ്‌ഫോടനക്കേസ്: കർണാടക സർക്കാരിന്റെ ഹരജി വിചാരണ നീട്ടാനുള്ള ശ്രമം-പി.ഡി.പി
|''ഫോറൻസിക് ലാബ് പരിശോധനകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിസ്താരമോ രേഖകൾ സമർപ്പിക്കലോ മഅ്ദനിയുമായി ബന്ധപ്പെട്ട കേസ് നടപടിക്രമങ്ങളില്ല.''
കോഴിക്കോട്: വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ബംഗളൂരു സഫോടനക്കേസിലെ വിചാരണാ നടപടിക്രമങ്ങൾ അനന്തമായി നീട്ടാനുള്ള ശ്രമമാണ് സുപ്രിംകോടതിയിൽ കർണാടക സർക്കാർ സമർപ്പിച്ച പുതിയ ഹരജിയെന്ന് പി.ഡി.പി ആരോപിച്ചു. ഇന്ത്യൻ തെളിവ് നിയമത്തിലെ നടപടിക്രമങ്ങൾ പ്രോസിക്യൂഷൻ പാലിച്ചില്ലെന്ന നീരീക്ഷണത്തോടെ നേരത്തെ വിചാരണ കോടതിയും കർണാടക ഹൈക്കോടതിയും തള്ളിയ ആവശ്യത്തിൻമേലാണ് സർക്കാർ ഇപ്പോൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രതികരിച്ചു.
ബംഗളൂരു സ്ഫോടനക്കേസിലെ മൂന്നാം പ്രതി സർഫറാസ് നവാസിനെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടെടുത്ത തൊണ്ടിമുതലുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഫോറൻസിക് ലാബ് പരിശോധനാഫലങ്ങൾ സംബന്ധിച്ച യഥാർത്ഥ രേഖകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷന് കടുത്ത വീഴ്ച സംഭവിച്ചിരുന്നു. പ്രസ്തുത രേഖ ഫോറൻസിക് ലാബ് ഉദ്യോഗസ്ഥനായ 'കൃഷ്ണ' എന്ന ഉദ്യോഗസ്ഥനെ വിസ്തരിക്കുമ്പോൾ വിചാരണാകോടതിയിൽ രേഖപ്പെടുത്താൻ പ്രോസിക്യൂഷൻ ശ്രമം നടത്തിയിരുന്നു. ഇന്ത്യൻ തെളിവുനിയമം അനുസരിച്ച നടപടിക്രമങ്ങൾ ഈക്കാര്യത്തിൽ പാലിച്ചിട്ടില്ലാത്തതിനാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന് അന്നത്തെ വിചാരണാകോടതി ജഡ്ജി ശിവണ്ണ ഉത്തരവിട്ടിരുന്നുവെന്നും റജീബ് ചൂണ്ടിക്കാട്ടി.
''പിന്നീട് വിചാരണാകോടതിയിൽ തന്നെ ഒരിക്കൽ കൂടി മറ്റൊരു രീതിയിൽ സമർപ്പിക്കാനുള്ള ശ്രമവും കോടതി തന്നെ തടഞ്ഞു. പ്രസ്തുത ഉത്തരവിനെതിരെ പ്രോസിക്യൂഷൻ കർണാടക ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. അക്കാലയളവിൽ ഹൈക്കോടതി വിചാരണ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിരുന്നു. കോവിഡിനെ തുടർന്നുള്ള കോടതികളുടെ ദീർഘ അവധികൾക്കുശേഷം അവ പരിഗണനയ്ക്ക് എടുത്ത ഹൈക്കോടതി, പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചതിന് 12 വർഷങ്ങൾക്ക് ശേഷം, ജാമ്യം പോലും ലഭിക്കാതെ പ്രതികൾ ജയിലിൽ വിചാരണാതടവുകാരായി കഴിയുന്ന ഈ ഘട്ടത്തിൽ ഇത്തരം രേഖകൾ സമർപ്പിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി. ഇന്ത്യൻ തെളിവ് നിയമം നിഷ്‌കർഷിച്ചിട്ടുള്ള നടപടിക്രമങ്ങൾ ഇക്കാര്യത്തിൽ പാലിക്കാത്തതിനാൽ സർക്കാരിന്റെ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിരീക്ഷണത്തോടെ സർക്കാരിന്റെ ഹരജി തള്ളുകയാണുണ്ടായത്.''
കർണാടക ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ കർണാടക സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച പ്രത്യേക അനുമതി ഹരജിയാണ് ഇന്ന് കോടതി പരിഗണനയ്‌ക്കെടുത്തത്. ഈ ഹരജിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ ഇപ്പോൾ അബ്ദുന്നാസിർ മഅ്ദനിയെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും കേസ് അനന്തമായി നീണ്ടുപോകാൻ ഇത് ഇടയാക്കും. അത് സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടുന്നതിനായി ഈ കേസിലെ പ്രതികളിലൊരാൾ എന്ന നിലയിൽ സ്വാഭാവികമായും അദ്ദേഹത്തിന്റെ അഭിഭാഷകൻ മഅ്ദനിക്ക് വേണ്ടി ഹാജരായിരിന്നു. ഇന്ന് നടന്ന നടപടിക്രമങ്ങളിൽ മഅ്ദനിയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും കർണാടക സർക്കാരിന്റെ അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. അത്തരത്തിലുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണ്-റജീബ് പറഞ്ഞു.
ഫോറൻസിക് ലാബ് പരിശോധനകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിസ്താരമോ രേഖകൾ സമർപ്പിക്കലോ അബ്ദുന്നാസിർ മഅ്ദനിയുമായി ബന്ധപ്പെട്ട കേസ് നടപടിക്രമങ്ങളില്ല. വിചാരണാ നടപടിക്രമങ്ങൾ പൂർത്തിയാകാറായ ഈ ഘട്ടത്തിൽ വിചാരണ തടസ്സപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ നീക്കങ്ങൾ 2014ൽ ജാമ്യാപേക്ഷയുടെ പരിഗണനാവേളയിൽ 'നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാം' എന്ന ഉറപ്പിന്റെ ലംഘനമാണ്. ആവശ്യമായ രേഖകൾ സമർപ്പിക്കാതെയും കേസ് വിചാരണാ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കോടതിയെ സഹായിക്കാതെയും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള കർണാടക സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴുള്ള ഈ നീക്കങ്ങൾ. ഇതിനെ ആവശ്യമായ രേഖകളും തെളിവുകളും സമർപ്പിച്ച് സുപ്രിംകോടതിയിലെ മികച്ച അഭിഭാഷകരെ മുൻനിർത്തി നേരിടുമെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.
Summary: Karnataka government's pleas is to extend hearing in the Bengaluru blast case, alleges PDP