![ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ അറിയിച്ചില്ല; കാരണം ബോധിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയം, ചീഫ് സെക്രട്ടറിക്ക് കത്തയച്ചു ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ അറിയിച്ചില്ല; കാരണം ബോധിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയം, ചീഫ് സെക്രട്ടറിക്ക് കത്തയച്ചു](https://www.mediaoneonline.com/h-upload/2021/11/27/1260637-bennychan.webp)
ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ അറിയിച്ചില്ല; കാരണം ബോധിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയം, ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
![](/images/authorplaceholder.jpg?type=1&v=2)
സസ്‌പെൻഡ് ചെയ്ത വിവരം 48 മണിക്കൂറിനുള്ളിൽ അറിയിച്ചിരിക്കണമെന്നാണ് ചട്ടം
മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കേന്ദ്ര ഫോറസ്റ്റ് ഐജി യെ സർക്കാർ കൃത്യമായി അറിയിച്ചില്ല. മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടി ഈ മാസം 24ന് കേന്ദ്രം ചീഫ് സെക്രട്ടറി വിപി ജോയിക്ക് കത്തയച്ചു. സസ്‌പെൻഷന് പിറകിലെ കാരണം ബോധിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയം ആവശ്യപ്പെട്ടു. സസ്‌പെൻഡ് ചെയ്ത വിവരം 48 മണിക്കൂറിനുള്ളിൽ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാൽ വിവരം അറിഞ്ഞത് മാധ്യങ്ങളിലൂടെയാണെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്.
ഐഎഫ്‌സ് ഉദ്യോഗസ്ഥരുടെ കേഡർ കൺട്രോളിങ് അതോറിറ്റി കേന്ദ്ര ഫോറസ്റ്റ് ഐജിയാണ്. അതിനാൽ സസ്‌പെൻഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് ഐജിയുടെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിലധികം സസ്‌പെൻഷൻ നീളുകയാണെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. അതിലേറെ നീളുകയാണെങ്കിൽ വേറെയും അനുമതി വാങ്ങണമെന്നിരിക്കെ പ്രാഥമിക നടപടി പോലും സംസ്ഥാന സർക്കാർ പാലിച്ചിട്ടില്ല. മരംമുറി വിവാദത്തിൽ ഏറെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതിന് ബെന്നിച്ചനെ സസ്‌പെൻഡ് ചെയ്തത്. പിസിസിഎഫ് റാങ്കിലുള്ള ബെന്നിച്ചൻ തോമസ് വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ്.
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കിയിരുന്നു. 15 മരങ്ങൾ മുറിക്കാനായിരുന്നു വനംവകുപ്പ് തമിഴ്നാടിന് അനുമതി നൽകിയിരുന്നത്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ വിവാദ ഉത്തരവിറക്കിയതിനാണ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തിരുന്നത്. വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടെന്ന സർക്കാർ വിലയിരുത്തലിന് പിന്നാലെയാണ് നടപടി.