മുഖ്യമന്ത്രിക്ക് പ്രതിപക്ഷ എം.പിമാരോട് വിവേചനം, എം.പിമാരുടെ യോഗം പോലും ചടങ്ങാക്കിയെന്ന് ബെന്നി ബഹ്‌നാൻ
|വികസനത്തിനായി എം.പിമാർ പ്രവർത്തിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമാണെന്നും ബെന്നി ബഹ്‌നാൻ മീഡിയവൺ എഡിറ്റോറിയലിൽ പറഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രതിപക്ഷ എം.പിമാരോട് വിവേചനം കാണിക്കുന്നുവെന്ന് ബെന്നി ബഹ്‌നാൻ എം.പി. വികസനത്തിന് എം.പിമാർ പ്രവർത്തിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ എഡിറ്റോറിയലിലാണ് എം.പിയുടെ പ്രതികരണം.
മുഖ്യമന്ത്രി ഡൽഹിയിലെത്തിയാൽ ഇടത് രാജ്യസഭാ എം.പിമാരെ മാത്രമാണ് കൂടെ കൂട്ടുന്നതെന്നും എം.പിമാരുടെ യോഗം പോലും ചടങ്ങാക്കി മാറ്റിയെന്നും ബെന്നി ബഹ്‌നാൻ ആരോപിച്ചു. അവസരം കിട്ടുമ്പോള്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ സംസ്ഥാനത്തിന്‍റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിനായി എല്ലാ ശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോള്‍ കൊച്ചിയില്‍ നിന്നുള്ള എം.പിമാര്‍ പോലും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന ആരോപണം. എന്നാല്‍ ബെന്നി ബഹ്‌നാൻ എം.പി ഇത് നിഷേധിച്ചു. മെട്രോ കാക്കനാട്ടേക്ക് നീട്ടാൻ താനും ഹൈബി ഈഡനും സമ്മർദം ചെലുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അറിയില്ലെങ്കിൽ മുഖ്യമന്ത്രി എ.എം.ആരിഫിനോട് ചോദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.