കോഴിക്കോട് കൂട്ടബലാത്സംഗക്കേസിൽ ബേപ്പൂർ കോസ്റ്റല്‍ സി.ഐയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
|സിഐയെ കൂടാതെ മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്sub
കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത സർക്കിള്‍ ഇന്‍സ്പെക്ടറുടെഅറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെയാണ് കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ. പി ആര്. സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഐയെ കൂടാതെ മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്.
യുവതിയുടെ ബലാത്സംഗ പരാതിയില്‍ ഇന്നലെ രാവിലെ കസ്റ്റഡിയില്‍ എടുത്ത ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ.പി ആർ സുനുവിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. ചോദ്യം ചെയ്യലില്‍ പി.ആര് സുനു ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം നടത്തി പരാമവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മറ്റ് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മി, ഭര്‍ത്താവിന്റെ സുഹൃത്ത് ശശി, ക്ഷേത്രം ജീവനക്കാരനായ അഭിലാഷ് , മറ്റൊരു പ്രതിയായ രാജീവ് എന്നിവരാണ് കസ്റ്റഡിയിലുളളത്.
ചോദ്യം ചെയ്യലിനിടെ ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കേസില്‍ മൊത്തം ഏഴ് പ്രതികളാണുളളത്. രണ്ട് പേര് ഒളിവിലാണ് . യുവതിയുടെ പരാതിയില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുളള ശ്രമത്തില്‍ കൂടിയാണ് അന്വേഷണ സംഘം.
കഴിഞ്ഞ മെയില്‍ തൃക്കാക്കരയിലെ വീട്ടിൽ വെച്ചും കടവന്ത്രയിൽ വെച്ചും ബലാത്സംഗം ചെയ്തു എന്നാണ് യുവതി നൽകിയ പരാതി. യുവതിയുടെ ഭർത്താവ് ഒരു കേസിൽ ജയിലിലാണ്. ഇതിന് ശേഷം ഭീഷണിപ്പെടുത്തി കൂട്ടം ചേർന്ന് ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് യുവതി തൃക്കാക്കര സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.