ഭഗവൽ സിങ് പാർട്ടി അനുഭാവി; ശാസ്ത്ര സാഹിത്യ പരിഷത്തിലും പ്രവർത്തിച്ചെന്ന് സിപിഎം ഏരിയാ സെക്രട്ടറി
|നരബലിക്കിരയായ പത്മയും റോസ്‌ലിനും ക്രൂര പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നരബലി നടത്താൻ മൂന്ന് പ്രതികളും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പത്തനംതിട്ട: നരബലി നടത്തിയ ഭഗവൽ സിങ് പാർട്ടി അനുഭാവിയെന്ന് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആർ പ്രദീപ്. നേരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നു. പാർട്ടി അംഗമോ ഭാരവാഹിയോ അല്ല. പിന്നെ എങ്ങനെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. എന്നാൽ കുറച്ച് വർഷങ്ങളായി പിൻവലിഞ്ഞ് നിൽക്കുകയായിരുന്നു. അടുത്ത കാലത്തായി അദ്ദേഹം ഭക്തിമാർഗത്തിലേക്ക് തിരിഞ്ഞെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.
നരബലിക്കിരയായ പത്മയും റോസ്‌ലിനും ക്രൂര പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നരബലി നടത്താൻ മൂന്ന് പ്രതികളും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പത്മത്തിന്റെ മൃതദേഹം 56 കഷണങ്ങളാക്കി ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടത്. റോസ് ലിന്റെ മാറിടം ഭഗവൽസിങ് മുറിച്ച് മാറ്റിയതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. മൂന്ന് പ്രതികളെയും എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വലിയ ഗൂഢാലോചനക്ക് ശേഷം നടത്തിയ മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ് പ്രതികൾ നടത്തിയത്. റോസ്‌ലിന്റെ കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ടതായും വായിൽ തുണി തിരുകി ജീവനോടെ സ്വകാര്യ ഭാഗത്ത് മൂന്നാം പ്രതി കത്തി കുത്തിയിറക്കിയതായും ശേഷം കഴുത്തറുത്തതായും റിമാൻഡ് റിപ്പോർട്ട് പറയുന്നു. രണ്ടാം പ്രതി റോസ്‌ലിന്റെ സ്വകാര്യ ഭാഗവും മാറിടവും മുറിച്ചുമാറ്റി. മൃതദേഹം കഷണങ്ങളാക്കി ബക്കറ്റിൽ വീടിന്റെ കിഴക്ക് വശത്തെ കുഴിയിലിട്ടു. സമാനമായ രീതിയിൽ പത്മയെയും കൊലപ്പെടുത്തി. മൃതദേഹങ്ങൾ 56 കഷണങ്ങളാക്കി ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടത്.
പൊലീസ് അന്വേഷണമെത്താതിരിക്കാൻ കൊലപാതകത്തിന് മുൻപ് തന്നെ വലിയ ആസൂത്രണമാണ് നടന്നത്. സ്ത്രീകളെ ഇലന്തൂരിൽ എത്തിക്കുമ്പോൾ പ്രതി ഷാഫി ഫോൺ ഉപയോഗിച്ചിരുന്നില്ല. കണിശതയോടെ കുറ്റകൃത്യം ചെയ്യുന്ന കുറ്റവാളിയെന്നാണ് ഷാഫിയെ പൊലീസ് വിശേഷിപ്പിച്ചത്. അഡ്വ ബി.എ ആളൂരാണ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്. പ്രതികളെ കോടതിയിൽ നിന്ന് പുറത്തിറക്കിയപ്പോൾ അസഭ്യവർഷവുമായി നാട്ടുകാർ പൊലീസ് വാഹനം വളഞ്ഞു. ജില്ലാ ജയിലിലേക്ക് കൊണ്ടുപോയ പ്രതികളെ ഉടൻ കസ്റ്റഡിയിൽ വിട്ടുകിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.