'കേസിന്റെ വിധി ആദ്യമേ എഴുതിക്കഴിഞ്ഞു, പ്രഖ്യാപിക്കേണ്ട താമസം മാത്രം'; വിചാരണ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി
|' നീതി വളരെ വിദൂരതയിലാണ്, ഇപ്പോൾ നടക്കുന്നത് വെറും നാടകം'
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണാകോടതിക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതികളിൽ ആദ്യമേ വിധിയെഴുതി കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമേയുള്ളൂ. ഇപ്പോൾ നടക്കുന്നത് വെറും നാടകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹരജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് വലിയ അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. നീതി വളരെ വിദൂരതയിലാണെന്നും ഉന്നതനോടൊരു നീതി, സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
അതീജവിതക്ക് കാര്യമായ പണമോ പ്രശസ്തിയോ ഇല്ലാത്തതിനാണ് ഈ വേർതിരിവ്. എല്ലാവരും അവൾക്ക് പിന്തുണയുമായി കൂടെയുണ്ട്. തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാണ് കേസ് നീട്ടിക്കൊണ്ടുപോവുന്നതിൽ പേടിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണം നീട്ടണമെന്ന ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ തുടരന്വേഷണം നീട്ടണമെന്ന ഹരജിയിൽ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചു. സർക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്ന് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു.