പണിമുടക്ക് കേരളത്തിലും പൂർണം; ജോലിക്കെത്തിയവരെ തടഞ്ഞു, കടകള്‍ അടപ്പിച്ചു
|പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖല പൂർണമായും സ്തംഭിച്ചു
പണിമുടക്ക് ദിനത്തില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പലയിടത്തും സമരാനുകൂലികള്‍ തടഞ്ഞു. കോഴിക്കോട് ഓട്ടോറിക്ഷയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. കൊച്ചി അമ്പലമുകൾ റിഫൈനറിയിലും പാലക്കാട് കഞ്ചിക്കോടും ജോലിക്കെത്തിയവരെ സമരക്കാർ തിരിച്ചയച്ചു.
സംസ്ഥാനത്ത് പൊതുവെ പണിമുടക്ക് സമാധാനപരമായിരുന്നുവെങ്കിലും ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. കോഴിക്കോട് ഓട്ടോറിക്ഷകൾ തടഞ്ഞ സമരാനുകൂലികൾ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു.അശോകപുരത്ത് കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ അടിച്ചു തകർത്തു. മഞ്ചേരിയിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ നിരത്തിലിറങ്ങിയ വാഹനങ്ങൾ തടഞ്ഞു.
തിരുവനന്തപുരം കാട്ടാക്കടയിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ എല്ലാം സമരക്കാർ തിരിച്ചുവിട്ടു. റോഡിൽ കസേരകൾ നിരത്തിയാണ് ഗതാഗതം തടഞ്ഞത്. പണിമുടക്കിൽ പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖല പൂർണ്ണമായും സ്തംഭിച്ചു . കിൻഫ്രയിലേക്ക് ജോലിക്കായി എത്തിയ തൊഴിലാളികളെ സമരക്കാർ തിരിച്ചയച്ചു. എറണാകുളത്ത് ബി.പി.സി.എല്ലിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞെങ്കിലും, പൊലീസ് ഇടപെട്ട് ജോലിക്ക് കയറ്റി. പണിമുടക്ക് വിലക്കി കൊണ്ടു ബി.പി.സി.എല്‍ മാനേജ്മെന്റ് നേടിയ ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് സമരക്കാർ പറഞ്ഞു.എറണാകുളം പള്ളിക്കരയിൽ പൊലീസ് സംരക്ഷണത്തില്‍ കടകൾ തുറന്ന വ്യാപാരികൾക്ക് എതിരെ സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ സമരക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.