രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി
|തിരുവനന്തപുരം പാറശാലയിൽ നിന്നാണ് യാത്ര തുടങ്ങിയത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഗാന്ധിജിയുടെയും കെ കാമരാജിന്‍റെയും പ്രതിമകൾക്ക് മുൻപിൽ ആദരം അർപ്പിച്ചാണ് രാഹുൽ ഗാന്ധി പദയാത്ര തുടങ്ങിയത്.
തമിഴ്നാട്ടിലെ നാലു ദിവസത്തെ പര്യടനത്തിന് ശേഷമാണ് ഭാരത് ജോഡോ പദയാത്ര കേരളത്തിലെത്തിയത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.
10 മണിയോടെ ഊരൂട്ടുകാല മാധവി മന്ദിരത്തിലെത്തുന്ന യാത്ര വിശ്രമത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് പുനരാരംഭിക്കും. നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുതൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും. ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കിയാകും യാത്രയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. നേമത്താണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ സമാപനം. സെപ്തംബർ 14ന് യാത്ര കൊല്ലം ജില്ലയിലേക്ക് കടക്കും.