ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ലഭിച്ച ബൂസ്റ്റര്‍ ഡോസ്; ജയറാം രമേശ്
|നമ്മുടെ രാജ്യത്തിൻ്റെ രാഷ്ട്രീയത്തിലും ഒരു മാറ്റത്തിന് സൂചന നൽകി
ഡല്‍ഹി: രാഷ്ട്രീയ എതിരാളികള്‍ പോലും അത്ഭുതത്തോടെ നോക്കിക്കണ്ട ഒന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. 2022 സെപ്തംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര 145 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കടന്നുപോയത് 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ്. പൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പു വക വയ്ക്കാതെ രാഹുല്‍ നടന്നുതീര്‍ത്തത് 4080 കിലോമീറ്റര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പുതിയ ചുവടുവെപ്പായി മാറി കോണ്‍ഗ്രസിന് പുതുശ്വാസം നല്‍കിയ ആ യാത്രക്ക് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോണ്‍ഗ്രസിന് ലഭിച്ച വലിയൊരു ബൂസ്റ്റര്‍ ഡോസായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ജയറാം രമേശ് പറഞ്ഞു.
''ഇന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാം വാര്‍ഷികമാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ 200-ലധികം വരുന്ന പ്രവര്‍ത്തകര്‍ 145 ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും കടന്ന് 4000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര പൂർത്തിയാക്കി'' ജയറാം രമേശ് പറയുന്നു. "ഈ യാത്ര അഭൂതപൂർവമായ കണക്റ്റിവിറ്റിയിലേക്കും കൂട്ടായ്‌മയിലേക്കും നയിച്ചു, ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇത് ഒരു വലിയ ബൂസ്റ്റർ ഡോസായിരുന്നു. ഇത് നമ്മുടെ രാജ്യത്തിൻ്റെ രാഷ്ട്രീയത്തിലും ഒരു മാറ്റത്തിന് സൂചന നൽകി," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ജനുവരി-മാർച്ച് കാലയളവിൽ മണിപ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇത് പ്രചോദനം നൽകിയെന്നും ജയറാം രമേശ് പറഞ്ഞു.
സെപ്തംബര്‍ 7ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 30ന് ശ്രീനഗറിലാണ് സമാപിച്ചത്. യാത്രയ്ക്കിടെ അദ്ദേഹം 12 പൊതുയോഗങ്ങളിലും 100-ലധികം തെരുവുകളിലും 13 പത്രസമ്മേളനങ്ങളിലും സംസാരിച്ചു. കമല്‍ഹാസന്‍, പൂജ ഭട്ട്, റിയ സെന്‍, സ്വര ഭാസ്കര്‍, രശ്മി ദേശായി, അകാന്‍ഷ പുരി, അമോല്‍ പലേക്കര്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖരും യാത്രയുടെ ഭാഗമായി. കൂടാതെ, മുൻ ആർമി ചീഫ് ജനറൽ ദീപക് കപൂർ, മുൻ നാവികസേനാ മേധാവി അഡ്മിറൽ എൽ. രാംദാസ്, മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, മുൻ ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം എന്നിവരും യാത്രയില്‍ രാഹുലിനൊപ്പം ചേര്‍ന്നിരുന്നു.