നടന്നത് തട്ടിപ്പല്ല, വെറും ക്രമക്കേട്; ഇ.ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് ഭാസുരാംഗൻ
|എൽ.ഡി.എഫിൽ തന്നെയുള്ള ഒരാളാണ് ആരോപണത്തിന് പിന്നിലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നും ഭാസുരാംഗൻ പറഞ്ഞു
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതല്ലെന്ന് ബാങ്ക് മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗൻ. മൊഴിയെടുക്കാനാണ് ഇ.ഡി വിളിപ്പിച്ചത്. ബാങ്കിൽ നടന്നത് തട്ടിപ്പല്ല ക്രമക്കേടാണ്. എൽ.ഡി.എഫിൽ തന്നെയുള്ള ഒരാളാണ് ആരോപണത്തിന് പിന്നിലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നും ഭാസുരാംഗൻ പറഞ്ഞു.
നേരത്തെ ഭാസുരാംഗന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുകയും 40 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഭാസുരാഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തിരുന്നു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുൾപ്പടെ മൊഴിയെടുക്കുകയും ഇദ്ദേഹത്തിനെതിരായ നിർണായക തെളിവുകൾ ഇ.ഡി ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നോട്ടീസ് നൽകി ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. അതേസമയം ചോദ്യം ചെയ്യലല്ല നടക്കുന്നതെന്നും തന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണെന്നും ഭാസുരാംഗൻ പറഞ്ഞു.
എന്നാൽ ഭാസുരാംഗനെതിരെ വലിയരീതിയിലുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറുൾപ്പടെ കുത്തിപൊളിച്ച് ചില നിർണായക രേഖകൾ ശേഖരിച്ചിട്ടുണ്ടെന്നും ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലെന്നും ഇ.ഡി വ്യക്തമാക്കി. വേണ്ടിവന്നാൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.