Kerala
periya murder case

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ നേതാക്കൾ പങ്കെടുക്കുന്ന ചിത്രം 

Kerala

'നേതാക്കൾക്ക് വീഴ്ച പറ്റി'; പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ സമിതി

Web Desk
|
29 May 2024 1:54 PM GMT

കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ വിവാഹ സത്കാരത്തിൽ പങ്കെടുത്തതിന്റെ ചിത്രം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

കാസർകോട്: പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിൽ വീഴ്ചയെന്ന് കെ.പി.സി.സി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി. കോൺഗ്രസ്‌ പാർട്ടിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും സമിതി വിലയിരുത്തി. കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മാതാപിതാക്കളെ അന്വേഷണ സമിതി നേരിട്ട് കാണും. റിപ്പോര്‍ട്ട് വൈകാതെ കെ.പി.സി.സിക്ക് കൈമാറും. കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൺ എന്നിവരാണ് അന്വേഷണം നടത്തുന്നത്. സംഘം രാജ്‌മോഹൻ ഉണ്ണിത്താനുമായും ഡിസിസി പ്രസിഡന്റ്റുമായും വിശദമായ ചർച്ച നടത്തി.

കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതാണ് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പൊട്ടിത്തെറിയ്ക്ക് വഴി വെച്ചത്. ചിത്രങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയയെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. വിവാഹ സത്കാരത്തിൽ കൂടുതൽ നേതാക്കൾ പങ്കെടുത്ത വിവരം പുറത്ത് വന്നതോടെ രൂക്ഷ വിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താനും രംഗത്ത് വന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ കടുത്ത വികാരമുയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് ഇടപെട്ട് അഡ്വ പി.എം. നിയാസ്, എന്‍. സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ അന്വേഷണ സമിതിയെ പ്രഖ്യാപിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ തന്നെ പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയ സമിതി വിശദമായ അന്വേഷണമാണ് നടത്തിയത്.

Similar Posts