കാട്ടാക്കടയിൽ കാട്ടുപൂച്ച കുറുകെ ചാടി ബൈക്ക് യാത്രികർക്ക് പരിക്ക്
|സമീപത്തെ കാടുകയറിയ രണ്ടേക്കർ പുരയിടത്തിൽ നിന്നുമാണ് കാട്ടുപൂച്ച റോഡിലേക്ക് ചാടിയത്.
തിരുവനന്തപുരം: കാട്ടാക്കട കണ്ടലയ്ക്ക് സമീപം കാട്ടുപൂച്ച കുറുകെ ചാടി ബൈക്ക് യാത്രികർക്ക് പരിക്ക്. ബൈക്കിൽ എത്തിയ അമ്മയും മകനുമാണ് അപകടത്തിൽപെട്ടത്. നിസാര പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാത്രി 7.30ഓടെയാണ് സംഭവം. പൊലീസെത്തി പിടികൂടിയ കാട്ടുപൂച്ചയെ ഇപ്പോൾ മാറനല്ലൂർ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.
സമീപത്തെ കാടുകയറിയ രണ്ടേക്കർ പുരയിടത്തിൽ നിന്നുമാണ് കാട്ടുപൂച്ച റോഡിലേക്ക് ചാടിയത്. പുലിയാണ് എന്ന് കരുതി നാട്ടുകാർ ആദ്യം പരിഭ്രാന്തിയിൽ ആയി. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോയ മാറനല്ലൂർ എസ്ഐ കിരൺകുമാർ ആൾക്കൂട്ടം കണ്ട് ബൈക്ക് നിർത്തി കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിക്കുകയും പൊലീസുകാരെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടർന്ന് കൂട്ടിലാക്കി സ്റ്റേഷനിൽ എത്തിച്ചു.
സമീപത്തെ വീട്ടിൽ നായയെ വളർത്താനായി വാങ്ങിയ കൂടെത്തിച്ചാണ്് പൊലീസ്് കാട്ടുപൂച്ചയെ സംരക്ഷിച്ചിരിക്കുന്നത്. പരുത്തിപള്ളി റേഞ്ച് ഓഫീസ് അധികൃതരെ വിവരം അറിയിച്ചെങ്കിലും അവർ എത്താൻ വൈകും എന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം, ചാട്ടത്തിൽ തലയ്ക്ക് പരിക്കേറ്റ കാട്ടുപൂച്ചയുടെ സ്ഥിതി ഗുരുതരമാണ്. എത്രയും വേഗം ചികിത്സ നൽകിയില്ലെങ്കിൽ രക്ഷപ്പെടാൻ സാധ്യത കുറവാണ് എന്നാണ് പറയുന്നത്. കണ്ടലയിൽ നിന്നും 20 കിലോമീറ്ററോളം ദൂരമുണ്ട് വനംപ്രദേശത്ത് എത്താൻ. കാട്ടുപൂച്ച ജനവാസ മേഖലയിൽ എത്തിയതിൽ സ്ഥലവാസികൾ ഭീതിയിലാണ്.