പാർലമെന്റിലെത്തിയപ്പോൾ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയി: എം.ബി രാജേഷ്
|ഇന്ത്യൻ പാർലമെന്റിൽ രണ്ടുതരം എം.പിമാരുണ്ടെന്നും നിയമസഭാ സ്പീക്കർ എം.ബി രാജേഷ്
തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിൽ ഐ.പി.എൽ എം.പിമാരും ബി.പി.എൽ എം.പിമാരുമുണ്ടെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. ആദ്യമായി ലോക്സഭയിൽ എത്തിയപ്പോൾ ശതകോടീശ്വരന്മാരായ എം.പിമാരെ കണ്ട് അന്ധാളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിയമസഭാ മുൻ സാമാജികർ സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം പാർലമെന്റ് അനുഭവങ്ങൾ ഓർത്തെടുത്തത്.
ഞാൻ ആദ്യമായി പാർലമെന്റിലേക്ക് ജയിച്ചുപോയപ്പോൾ ആദ്യത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഒരു എം.പി വന്ന് എന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്തു ചെലവായെന്നു ചോദിച്ചു അദ്ദേഹം. അങ്ങനെ ചെലവൊന്നും വന്നിട്ടില്ലെന്ന് ഞാൻ പ്രതികരിച്ചപ്പോൾ തനിക്ക് 30 കോടിയാണ് ചെലവായതെന്നാണ് അദ്ദേഹം പറഞ്ഞത്-രാജേഷ് ഓർത്തെടുത്തു.
ഇത്രയും പൈസ എങ്ങനെയാണ് പോക്കറ്റിൽനിന്ന് ചെലവാക്കുന്നതെന്ന് ഞാൻ ചോദിച്ചു. 60,000 കോടി രൂപ മാത്രം വാർഷിക വിറ്റുവരവുള്ള എം.പിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞങ്ങൾ സാധാരണ പറയും, ഞങ്ങളെല്ലാവരും ഐ.പി.എൽ എം.പിമാരും മറ്റെല്ലാവരും ബി.പി.എൽ എം.പിമാരുമാണെന്ന്. അവർ പ്രീമിയർ ലീഗിൽപെട്ടവരും ഞങ്ങൾ ദാരിദ്യരേഖയ്ക്കു താഴെയുള്ളവരും-സ്പീക്കർ കൂട്ടിച്ചേർത്തു.
കേരളത്തിൽ എം.എൽ.എമാർ ആരും വിൽപനച്ചരക്കുകളായിട്ടില്ലെന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒരു ജനാധിപത്യ പാരമ്പര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫോർമർ എം.എൽ.എ ഫോറം നിയമസഭയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ സ്പീക്കർമാരും മുൻ എം.എൽ.എമാരും പങ്കെടുത്തു.
Summary: When I reached the Parliament first time, I was amazed to see the billionaire MPs there, says assembly speaker MB Rajesh