48 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം നാട്ടിലേക്ക്; നേപ്പാൾ സ്വദേശിനി ബിമാദേവിക്ക് ഇന്ന് സ്വപ്‌ന സാഫല്യം
|മട്ടാഞ്ചേരിയിൽ ഒറ്റക്ക് താമസിക്കുന്ന ബിമാദേവിയുടെ ദുരിത ജീവിതം മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്
കൊച്ചി: നേപ്പാൾ സ്വദേശിയായ ബിമാദേവിക്ക് ഇന്ന് സ്വപ്ന സാഫല്യമാണ്. അര നൂറ്റാണ്ടേളം നീണ്ട കാത്തിരിപ്പിനെടുവിൽ നാട്ടിലേക്ക് മടങ്ങുകയാണ് പോവുകയാണ് ബിമാദേവി. നിലം പൊത്താറായ പാണ്ഡികശാലയുടെ ഓർമകൾ ഇനി ഈ വയോധികയെ അലട്ടില്ല.
ജനിച്ച മണ്ണിൽ മരണം വരെ ജീവിക്കണമെന്ന ആഗ്രഹം സഫലമാകുമ്പോൾ ഭർത്താവ് ദുനിറാമിനൊപ്പം കൊച്ചിയിൽ കഴിഞ്ഞ ഓർമകൾ മാത്രം കൂട്ടിനുണ്ടാകും. ഭർത്താവ് മരിച്ച് പതിനാറ് വർഷങ്ങൾക്കിപ്പുറവും ജീർണിച്ച കെട്ടിടത്തിലാണ് ബിമാദേവി താമസിച്ചത്. നിലംപൊത്താറായ പാണ്ഡികശാലയിൽ പല തവണ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന് ഇരയായിട്ടും നഗരസഭ തിരിഞ്ഞുനോക്കിയിരുന്നില്ല.
ബിമാദേവിയുടെ ദുരിത ജീവിതം മീഡിയവണാണ് പുറംലോകത്തെ അറിയിച്ചത്. വാർത്ത ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ബിമാദേവിയെ നഗരസഭ അധികൃതരും സാമൂഹിക പ്രവർത്തകരും ചേർന്ന് വൃദ്ധസദനത്തിലേക്ക് മാറ്റി. പിന്നീട് സാമൂഹിക പ്രവർത്തകൻ മുകേഷ് ജൈൻ ബീമാദേവിയെ നാട്ടിലെത്തിക്കാൻ സന്നദ്ധത അറിയിച്ചു. ഇന്ന് മുകേഷ് ജൈനിനോടൊപ്പം ബീമാ ദേവി യാത്ര തിരിക്കുമ്പോൾ മോശം ഓർമകളെല്ലാം മട്ടാഞ്ചേരിയിൽ ഉപേക്ഷിക്കുകയാണ്.നാട്ടിലെത്തണം. ഏപ്രിലിൽ ഉത്സവം കൂടണം. ബിമാദേവി ആ സ്വപ്‌നസാക്ഷാത്കാരത്തിനുള്ള യാത്രയിലേക്കാണ്..