'എന്‍റെ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു, പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്നു' ബിനീഷ് കോടിയേരി
|ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളഞ്ഞതായും ഫേസ്ബുക്ക് പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കുന്നതായും ബിനീഷ് പറയുന്നു.
ഫേസ്ബുക്ക് പ്രൊഫൈലില്‍ നിരന്തരമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതായി ബിനീഷ് കോടിയേരി. മാസ് റിപ്പോര്‍ട്ടിങ് കാരണം ഫേസ്ബുക്ക് പ്രൊഫൈല്‍ ബ്ലോക്ക് ആയെന്നും ഫേസ്ബുക്ക് പേജിലൂടെ ബിനീഷ് കോടിയേരി പറഞ്ഞു. തന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന്‍റെ ലിങ്ക് കൂടി ബിനീഷ് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
എന്‍റെ ആശയങ്ങളോടും വാക്കുകളോടുമൊക്കെ നിങ്ങള്‍ക്ക് പേടിയാണെന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ബിനീഷ് ഫേസ്ബുക് കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളഞ്ഞതായും ഫേസ്ബുക്ക് പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കുന്നതായും ബിനീഷ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇനി മുഴുവന്‍ സമയ അഭിഭാഷകനായിരിക്കുമെന്ന് അറിയിച്ച് ബിനീഷ് വീണ്ടും വക്കീല്‍ കുപ്പായം അണിഞ്ഞത്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഇന്നലെയായിരുന്നു കൊച്ചിയില്‍ പുതിയ ഓഫീസ് തുറന്നത്.
പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസിനും ഒപ്പമാണ് ബിനീഷ് വക്കീല്‍ ഓഫീസ് തുറന്നത്. തിരുവനന്തപുരം ലോ അക്കാഡമിയിലെ സഹപാഠികളായിരുന്നു മൂവരും. 2006ലാണ് മൂന്ന് പേരും എന്‍റോള്‍ ചെയ്തത്. ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ 651ആം നമ്പര്‍ ഓഫീസ് മുറി എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മുഴുവന്‍ സമയവും വക്കീലായി പ്രവര്‍ത്തിക്കുമെന്ന് ബിനീഷ് പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസമാകും ബിനീഷും ഷോണും ഓഫീസില്‍ ഉണ്ടാവുക. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് ഒക്ടോബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എന്‍റെ ആശയങ്ങളോട് പേടി ,,എന്റെ വാക്കുകളെ പേടി...നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ... ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളയുന്നു ,,എന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കുന്നു എന്തൊക്കെയാണ് !! എന്തിനാണ് ?
എനിക്ക് പറയാനുള്ള കാര്യങ്ങൾ ഇനിമുതൽ ബിനീഷ് കോടിയേരി എന്ന ഫേസ്ബുക് പേജ് വഴിയും ,,എന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം ഐഡി വഴിയും പങ്കുവയ്ക്കും ....എന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുക.
എന്‍റെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക്