Kerala
binoy vishwam_suresh gopi
Kerala

'ഓർമയുണ്ടോ ഈ മുഖം എന്ന് ജനം ചോദിക്കും, ആംബുലൻസ് ദുരുപയോഗം ചെയ്‌തു'- സുരേഷ് ഗോപിക്കെതിരെ ബിനോയ് വിശ്വം

Web Desk
|
31 Oct 2024 6:29 AM GMT

സുരേഷ് ഗോപിയുടെ ഡയലോഗും നാട്യവും എല്ലായ്‌പ്പോഴും ജനം ഉൾക്കൊള്ളണം എന്നില്ലെന്നും ഇതെല്ലാം മനസ്സിലാക്കാനുള്ള പക്വത ജനങ്ങൾക്കുണ്ടെന്നും വിമർശനം.

കൊച്ചി: ആംബുലൻസ് ഉപയോഗത്തിലൂടെ സുരേഷ്ഗോപി നടത്തിയത് ചട്ടലംഘനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആംബുലൻസ് ദുരുപയോഗം ചെയ്‌തതിന്റെ ഗുണഭോക്താവ് സുരേഷ്‌ഗോപിയാണ്. സുരേഷ് ഗോപിയുടെ ഡയലോഗും നാട്യവും എല്ലായ്‌പ്പോഴും ജനം ഉൾക്കൊള്ളണം എന്നില്ലെന്നും ഇതെല്ലാം മനസ്സിലാക്കാനുള്ള പക്വത ജനങ്ങൾക്കുണ്ടെന്നും വിമർശനം.

സുരേഷ് ഗോപിക്കെതിരെ മൊഴിയുണ്ടായത് തൃശൂരിലെ ബിജെപി നേതാക്കളുടെ നാവിൽ നിന്ന് തന്നെയാണ്. ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് സുരേഷ് ഗോപി ആംബുലന്‍സിൽ പൂരനഗരയിൽ എത്തിയത്. അത് തങ്ങളുടെ മിടുക്കാണെന്നാണ് ബിജെപി പ്രതികരിച്ചത്. ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപി.

രോഗികളുടെ ചികിത്സക്ക് വേണ്ടിയും ജീവൻരക്ഷിക്കാൻ വേണ്ടിയും മാത്രം ഉപയോഗിക്കേണ്ട ആംബുലന്‍സ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയുമാണ് ഉപയോഗിച്ചത്. ആംബുലന്‍സിൽ കൊണ്ടുപോയത് ബിജെപി സമ്മതിച്ചിട്ടുള്ള കാര്യമാണ്. സിനിമയുടെ അവസ്ഥയിൽ നിന്ന് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ അതിന് സുരേഷ് ഗോപി തന്നെ മറുപടി പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും എന്നാൽ എപ്പോഴും ഈ അഭിനയം മതിയാകില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു. ഈ ഡയലോഗും നാട്യവും തുടർന്നാൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് സുരേഷ്‌ ഗോപിയോട് ജനം ചോദിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Similar Posts