ഇന്‍ഡ്യ മുന്നണിയുടെ സാധ്യതകള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് ബിനോയ് വിശ്വം
|മീഡിയവൺ 'നേതാവ്' പരിപാടിയിലാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം
തിരുവനന്തപുരം: ഇന്‍ഡ്യ മുന്നണിയുടെ സാധ്യതകള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് സമ്മതിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയ പാപ്പരത്വം കാരണം ഇന്‍ഡ്യ സംഖ്യത്തെ ഫലപ്രദമായി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സിഎഎ പ്രക്ഷോഭങ്ങളിലെ കേസുകള്‍ പിന്‍വലിക്കാത്തത് ഗൗരവമായി കാണുംക്യാമ്പസുകളിലെ പ്രവർത്തനരീതിയില്‍ എസ് എഫ് ഐ മാറ്റം വരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മീഡിയവൺ 'നേതാവ്' പരിപാടിയിലാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ രൂപീകരിച്ച ഇന്‍ഡ്യ മുന്നണി വേണ്ടത്ര രീതിയില്‍ ചലനമുണ്ടാക്കിയില്ലെന്ന വിമർശനമാണ് ബിനോയ് വിശ്വം ഉന്നയിക്കുന്നത്. അതിന് കോണ്‍ഗ്രസ് ആണ് കാരണമെന്നും സിപിഐ സംസ്ഥാനസെക്രട്ടറി കുറ്റപ്പെടുത്തി. സിഎഎ വിരുദ്ധ പോരാട്ടം ഇടത് മുന്നണിക്ക് പ്രാണ വായു ആണ്, സിഎഎ പ്രക്ഷോഭങ്ങളിലെ കേസുകള്‍ പിന്‍വലിക്കാത്തത് ഗൗരവമായി കാണും. എസ്എഫ്ഐക്കെതിരേയും ബിനോയ് വിശ്വം വിമർശനമുന്നയിച്ചു. എസ് എഫ് ഐയുടെ പാരമ്പര്യം അറിയാത്ത കുറേ പേർ സംഘടനയില്‍ എത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാരണം. തൃശൂർ മണ്ഡലം കണ്ട് ആരും പനിക്കണ്ടെന്നും തൃശൂരില്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു.