Kerala
Binoy Viswam and PK Kunjalikkutty Response on the reveals of PV Anvar MLA
Kerala

അൻവറിൻ്റെ വെളിപ്പെടുത്തൽ: സി.പി.എം ഉചിത തീരുമാനമെടുക്കുമെന്ന് ബിനോയ് വിശ്വം; സർക്കാരിന്റെ വിശ്വാസ്യതയെ ഉലയ്ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി

Web Desk
|
1 Sep 2024 11:13 AM GMT

താമിർ ജിഫ്രിയുടെ കൊലയിൽ അന്നത്തെ എസ്.പിയെക്കുറിച്ച് മുസ്‌ലിം ലീഗ് നേരത്തേതന്നെ ചില കാര്യങ്ങൾ പറഞ്ഞിരുന്നെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിരുവനന്തപുരം/മലപ്പുറം: പൊലീസിലെ ഉന്നതർക്കെതിരെയുൾപ്പെടെ പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെളിപ്പെടുത്തൽ അറിയാനും ഗൗരവത്തോടെ കാണാനും കെൽപുള്ള പാർട്ടിയാണ് സി.പി.എം എന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, പി.വി അൻവറിന്റെ ആരോപണം ഗുരുതരമെന്ന് മുസ്‌ലിം ലീഗും പ്രതികരിച്ചു. ആരോപണങ്ങൾ ലീ​ഗ് ചർച്ച ചെയ്യും. സർക്കാരിന്റെ വിശ്വാസ്യതയെ ഉലയ്ക്കുന്ന വിഷയങ്ങളാണ് പുറത്തുവരുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എ.ഡി.ജി.പിക്കെതിരെയും സർക്കാരിനുമെതിരെയും പി.വി അൻവർ പറഞ്ഞു. താമിർ ജിഫ്രിയുടെ കൊലയിൽ അന്നത്തെ എസ്.പിയെക്കുറിച്ച് മുസ്‌ലിം ലീഗ് നേരത്തേതന്നെ ചില കാര്യങ്ങൾ പറഞ്ഞിരുന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ ഗുരുതരമാണെന്നും കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഘമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു.

'കൊലപാതകം നടത്തിക്കുന്ന എ.ഡി.ജി.പി, അതിന് പിന്തുണ കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, കാലുപിടിക്കുന്ന എസ്.പി, ഗുണ്ടാസംഘം പോലും നാണിച്ചുപോവുന്ന തരത്തിൽ പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, അതിന് സംരക്ഷണം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വം'- മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സി.പി.എം എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര ആരോപണങ്ങളാണിവ.

പ്രതിപക്ഷ കഴിഞ്ഞ കുറേനാളുകളായി പറയുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് എന്ന്. ആ ആരോപണം സത്യമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണക്കടത്ത് നടത്തിയത് ഒളിച്ചുവയ്ക്കാൻ ഒരാളുടെ കൊലപാതകം നടത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എ.ഡി.ജി.പി കൊന്നത്. സ്വർണക്കടത്ത് സംഘവുമായും സ്വർണം പൊട്ടിക്കൽ സംഘവുമായും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട്.

ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുൾപ്പെടെ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകൾ സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണം. ആരോപണവിധേയരായ ഉദ്യോ​ഗസ്ഥരെ ഇന്നു തന്നെ സസ്പെൻഡ് ചെയ്യുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കുകയും വേണം. അൻവറിന്റെ വെളിപ്പെടുത്തലുകളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായും വി.ഡി സതീശൻ വ്യക്തമാക്കി.

Similar Posts