'ജോസ് കെ.മാണിയുടെ സമ്മർദത്തിനു വഴങ്ങിയാണ് പാർട്ടി എന്നെ പുറത്താക്കിയത്'; ബിനു പുളിക്കക്കണ്ടം
|പ്രാദേശിക സിപിഎം പ്രവർത്തകർക്ക് തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു
കോട്ടയം: ജോസ് കെ മാണിയുടെ സമ്മർദത്തിനു വഴങ്ങിയാണ് പാർട്ടി തന്നെ പുറത്താക്കിയതെന്ന് പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം. ചില ആളുകളുടെ താല്പര്യങ്ങൾ കണക്കിലെടുത്താണ് പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയെന്നും ബിനു ആരോപിച്ചു. രാഷ്ട്രീയം അഭയം തേടി വന്ന ജോസ് കെ.മാണിയെ സി.പി.എം സംരക്ഷിക്കുന്നു. പ്രാദേശിക സിപിഎം പ്രവർത്തകർക്ക് തീരുമാനത്തിൽ അതൃപ്തിയുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വിളിച്ച് സംസാരിച്ചു. രാഷ്ട്രീയ തീരുമാനം ഉടനില്ലെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
ഇതിനിടെ, പാലായിൽ ജോസ്.കെ മാണിക്കെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പാലാ പൗരാവലിയുടെ പേരിലാണ് നഗരത്തിൻ്റെ പലയിടത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. 'തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ. മാണി പാലായ്ക്ക് അപമാനം, ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യങ്ങൾ' എന്നാണ് ഫ്ലക്സുകളിലുള്ളത്.