ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ ബയോമൈനിങ് നടത്തി വേര്‍തിരിച്ച മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതായി പരാതി
|പുനരുപയോഗിക്കാനാകാത്തതും എന്നാല്‍ കത്തിക്കാന്‍ കഴിയുന്നതുമായ വസ്തുക്കളാണ് പ്ലാന്‍റിനകത്ത് കൂട്ടിയിട്ടിരിക്കുന്നത്
കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ ബയോമൈനിങ് നടത്തി വേര്‍തിരിച്ച മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതായി പരാതി. പുനരുപയോഗിക്കാനാകാത്തതും എന്നാല്‍ കത്തിക്കാന്‍ കഴിയുന്നതുമായ വസ്തുക്കളാണ് പ്ലാന്‍റിനകത്ത് കൂട്ടിയിട്ടിരിക്കുന്നത്. വേനല്‍ കടുത്തതോടെ ഇതിന് തീപിടിക്കാനുളള സാധ്യതയും ഏറുകയാണ്.
കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി വേർതിരിച്ചെടുത്ത് സംസ്കരിക്കുന്ന പ്രക്രിയയാണ് ബയോമൈനിങ്. മാലിന്യം വേര്‍തിരിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന പുനരുപയോഗിക്കാനാകാത്തതും എന്നാൽ കത്തിക്കാൻ കഴിയുന്നതുമായ വസ്തുക്കള്‍ 30 ദിവസത്തിൽ കൂടുതൽ സ്ഥലത്ത് സൂക്ഷിക്കരുതെന്ന് ബയോമൈനിങ് നടത്തുന്ന കമ്പനിക്ക് നല്‍കിയ കരാറിലുണ്ട്. എന്നാല്‍ ഈ വസ്തുക്കള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. വേസ്റ്റ് എനര്‍ജി പ്ലാന്‍റിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന് നല്‍കിയ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞ് കൂടിയിരിക്കുകയാണ്.
ബയോമൈനിങ് പ്രവൃത്തികള്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെയാണ് നടത്തുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. 55 കോടി രൂപ കൊടുത്താണ് കരാര്‍ നല്‍കിയത്. യന്ത്രം ഒന്ന് മാത്രമേ വര്‍ക്ക് ചെയ്യുന്നുളളൂ. എപ്പോള്‍ വേണമെങ്കിലും തീപിടിക്കാം. ബയോമൈനിങ് പ്രവൃത്തികള്‍ കാര്യക്ഷമമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും കണ്ടെത്തിയിരുന്നു.