സംസ്ഥാനത്ത് വീണ്ടും പക്ഷി പനി
|കോട്ടയം പായിപ്പാടത്ത് 18000 താറാവുകളെ ദയാവധം നടത്തും
കോട്ടയം: സംസ്ഥാനത്ത് വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. കോട്ടയം പായിപ്പാടാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഔസേപ്പ് എന്ന കർഷകന്റെ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
പക്ഷിപനി സ്ഥിരീകരിച്ചതിനെ തുടർന്ന് എട്ട്യാക്കരി പാടശേഖരത്തിൽ ആറ് മാസം പ്രായമായ 18000 താറാവുകളെ ദയാവധത്തിനു വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചു. ഒരു കിലോമീറ്റർ പരിധിയിലെ വളർത്തു പക്ഷികളെയും ദയാവധത്തിന് വിധേയമാക്കും. പായിപ്പാടിന്റെ സമീപ പഞ്ചായത്തുകളിൽ പക്ഷികളുടെ വിൽപ്പന താത്കാലികമായി നിരോധിച്ചിട്ടുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ 9000 കോഴികളെ നേരത്തേ ദയാവധത്തിന് വിധേയമാക്കിയിരുന്നു. മണർകാടും സമീപ പഞ്ചായത്തുകളിലും കോഴിമുട്ട, ഇറച്ചി, കാഷ്ടം തുടങ്ങിയവയുടെ വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.
വലിയ ലാഭം പ്രതീക്ഷിച്ച് നടത്തിയ താറാവുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.