ബിഷപ്പിന്റെ പരാമർശം ഗാന്ധിജിക്കും കമ്മ്യൂണിസ്റ്റുകാർക്കും ബാധകമല്ല: എം.വി ജയരാജന്
|കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്
കണ്ണൂര്: രക്തസാക്ഷികൾക്കെതിരായ തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന ആർ.എസ്.എസിനേയും ബി.ജെ.പിയേയും ഉദ്ദേശിച്ചായിരിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ബിഷപ്പിന്റെ പരാമർശം ഗാന്ധിജിക്കും കമ്മ്യൂണിസ്റ്റുകാർക്കും ബാധകമല്ലെന്നും എം.വി ജയരാജൻ പറഞ്ഞു.
രക്തസാക്ഷികൾക്കെതിരെ വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് അദ്ദേഹം ആരോപിച്ചു. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്ന് തെന്നിവീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞു.
കണ്ണൂർ ചെറുപുഴയിൽ കെ.സി.വൈ.എം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനിയുടെ പരാമർശം. യേശുവിന്റെ 12 ശിഷ്യൻമാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പ് പ്രസംഗം തുടങ്ങിയത്. എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷിക്കൾ നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളാവുന്നതെന്നും കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയിട്ട് സംഭവിക്കുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
സംസ്ഥാനത്ത് യുവജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ബിഷപ്പ് പാംപ്ലാനി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നവരുടെ നടപടികൾ മൂലമാണ് യുവാക്കൾ കൂട്ടത്തോടെ സംസ്ഥാനം വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിയെ പിന്തുണക്കാമെന്ന പാംപ്ലാനിയുടെ പ്രസ്താവന മുമ്പ് വലിയ ചർച്ചയായിരുന്നു.