![Bison attack in Erumeli: One dead Bison attack in Erumeli: One dead](https://www.mediaoneonline.com/h-upload/2023/05/19/1370378-untitled-1.webp)
കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണം: മൂന്നു പേരെ കുത്തിക്കൊന്നു
![](/images/authorplaceholder.jpg?type=1&v=2)
രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ പോത്ത് ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം
കോട്ടയം: കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണം. മൂന്നു പേരെ കാട്ടുപോത്ത് കുത്തിക്കൊന്നു. കോട്ടയം എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേരാണ് മരിച്ചത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് പിന്നീട് മരിച്ചു. പൊലീസും നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്
രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചാക്കോയുടെ കാലുകൾ രണ്ടും ഒടിഞ്ഞ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
ചാക്കോയെ ആക്രമിച്ചതിന് ശേഷം പോത്ത് തോമസിനെ ഗുരുതരമായി പരിക്കേൽപ്പിച്ചു. പ്രദേശത്ത് ആനയടക്കമുള്ള മൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്തിന്റെ ആക്രമണം ഇതാദ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്ത് കാട്ടുപോത്ത് ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ബഫർസോണുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടായിട്ടുള്ള പ്രദേശമാണിത്. പുലർച്ചെയായത് കൊണ്ട് തന്നെ അധികമാളുകൾ പ്രദേശത്തില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.കാർഷിക മേഖലയിലുള്ളവർ താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. അടുത്തടുത്ത വീടുകളിലുള്ളവരാണ് ചാക്കോയും തോമസും.
കൊല്ലത്തും ആക്രമണം
കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി വർഗീസ് (60) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ നിൽക്കവെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.