ഹൈദരാബാദിൽ ബി.ജെ.പി നേതാവിന്റെ അനധികൃത നിർമാണം പൊളിച്ചുനീക്കി
|തടാകം കൈയേറി നിർമിച്ച കെട്ടിടം കനത്ത പൊലീസ് സുരക്ഷയിലാണ് പൊളിച്ചുനീക്കിയത്.
ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി നേതാവിന്റെ അനധികൃത നിർമാണം പൊളിച്ചുനീക്കി അധികൃതർ. ഹൈദരാബാദ് മൈലാർദേവപള്ളിയിലെ ബി.ജെ.പി കോർപറേറ്റർ തോക്കല ശ്രീനിവാസ് റെഡ്ഡിയുടെ ഗഗൻപഹാഡിലെ അനധികൃത കെട്ടിടമാണ് ശനിയാഴ്ച രാവിലെ അധികൃതർ പൊളിച്ചുമാറ്റിയത്.
ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിറ്ററിങ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര)യുടേതാണ് നടപടി. തടാകം കൈയേറി നിർമിച്ച കെട്ടിടം കനത്ത പൊലീസ് സുരക്ഷയിലാണ് പൊളിച്ചുനീക്കിയത്.
പ്രദേശത്തെ എഫ്.ടി.എൽ ഭൂമിയിൽ വരുന്ന അനധികൃത കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടും.
ഒരുകാലത്ത് 34 ഏക്കർ വിസ്തീർണമുണ്ടായിരുന്ന തടാകം ഇപ്പോൾ 10-12 ഏക്കറായി കുറഞ്ഞുവെന്ന് ഹൈഡ്ര കമ്മീഷണർ എ.വി.രംഗനാഥ് ചൂണ്ടിക്കാട്ടി. അനധികൃത കൈയേറ്റങ്ങളാണ് തടാകത്തിന്റെ അളവ് കുറയാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ഒക്ടോബറിൽ ഹൈദരാബാദിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശത്തെ കെട്ടിടങ്ങളിൽ വെള്ളം കയറിയിരുന്നു. കമ്മീഷണർ എ.വി രംഗനാഥിന്റെ നേതൃത്വത്തിൽ ഏജൻസി കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ 72 ടീമുകളെയാണ് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ തൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ബി.ജെ.പി കോർപ്പറേറ്റർ തോക്കല ശ്രീനിവാസ റെഡ്ഡി സ്ഥിരീകരിച്ചു. 1980 മുതൽ ഈ ഭൂമി തൻ്റെ കുടുംബത്തിന്റെ കൈവശം ഉണ്ടെന്നും പട്ടയഭൂമിയാണെന്നും റെഡ്ഡി പറഞ്ഞു. മുൻകൂർ അറിയിപ്പ് ഇല്ലാതെയാണ് അധികൃതരുടെ നടപടിയെന്നും റെഡ്ഡി ആരോപിച്ചു.