സത്യഭാമ പാർട്ടിയിൽ ചേർന്ന പോസ്റ്റ് മുക്കി ബി.ജെ.പി; കുത്തിപ്പൊക്കി സോഷ്യൽമീഡിയ
|ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
തിരുവനന്തപുരം: നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ നൃത്താധ്യാപിക സത്യഭാമ അധിക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു. സത്യഭാമയുടെ പ്രസ്താവനക്കെതിരെ കേരളത്തിൽ നിന്ന് വലിയ രീതിയിൽ പ്രതിഷേധവും ഉയർന്നിരുന്നു. അതിനിടയിലാണ് സത്യഭാമ പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്ന സോഷ്യൽമീഡിയ പോസ്റ്റ് ബി.ജെ.പി മുക്കിയത്.
മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ കയ്യിൽ നിന്നും അംഗത്വം സ്വീകരിക്കുന്ന പോസ്റ്റാണ് ബി.ജെ.പി ഡിലീറ്റ് ചെയ്തത്. സത്യഭാമക്കെതിരെ കടുത്ത വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെയാണ് പോസ്റ്റ് ബി.ജെ.പി പിൻവലിച്ചത്. എ.പി അബ്ദുള്ള കുട്ടി ഉൾപ്പടെയുള്ളവർക്കൊപ്പമാണ് സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഒ.രാജഗോപാല്‍, എം.ടി രമേശ് തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഇതിന്റെ ഫോട്ടയും കുറിപ്പും 'ബി.ജെ.പി കേരളം' എന്ന സോഷ്യൽമീഡിയ പേജിൽ 2019 ജൂലൈ ആറിന് പങ്കുവെക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മുക്കിയെങ്കിലും ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പുറമെ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നുമാണ് സത്യഭാമ പറയുന്നത്. വിഷയത്തിൽ പ്രതികരണത്തിനായി സത്യഭാമയെ സമീപിച്ച മാധ്യമങ്ങൾക്ക് രൂക്ഷമായ പ്രതികരണമാണ് നൃത്താധ്യാപിക നൽകിയത്. ഒരാളെയും അധിക്ഷേപിച്ച് യൂട്യൂബ് ചാനലിൽ പേര് പറഞ്ഞിട്ടില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കിയ അവർ കലാ മേഖലയിൽ നിന്ന് പലരും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും പറഞ്ഞു.
അതേസമയം, അധിക്ഷേപ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു.
തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമിയും ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെ പോരാട്ടം തുടരുമെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. കലാമേഖലയിൽ തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.