മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി
|ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ കാസർകോട് നടന്ന ഉദ്ഘാടന ചടങ്ങിലാണ് സംഭവം
കാസര്കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ കാസർകോട് നടന്ന ഉദ്ഘാടന ചടങ്ങിലാണ് സംഭവം.
കേന്ദ്ര സർക്കാരിന്റെ പരിപാടിക്കായി ബി.ജെ.പി പ്രവർത്തകർ ദിവസങ്ങളായി പ്രചരണത്തിലായിരുന്നു. ഉച്ച മുതൽ തന്നെ കാസർകോട് താളിപ്പടപ്പ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ബി.ജെ.പി പ്രവർത്തകർ എത്തി തുടങ്ങി. സ്റ്റേജിന് താഴെ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിൽ ബി.ജെ.പി നേതാക്കൾ നിറഞ്ഞു. പിന്നീടാണ് കേന്ദ്ര മന്ത്രി എത്തില്ലെന്ന് അറിഞ്ഞത്. ഇതോടെ നേതാക്കളും പ്രവർത്തകരും നിരാശരായി. സ്റ്റേജിൽ യു.ഡി.എഫ് എൽ.ഡി.എഫ് ജനപ്രതിനിധികൾ മാത്രം. പേരിന് പോലും ഒരൊറ്റ ബി.ജെ.പി നേതാവില്ല. രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും സ്ഥലം എം.എൽ എ എൻ എ നെല്ലിക്കുന്നും പ്രസംഗിച്ചു. തുടർന്ന് എം. രാജഗോപലൻ എം.എൽ എ കൂടി പ്രസംഗം തുടങ്ങിയതോടെ ബി.ജെ.പി പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി.
ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം തിരിച്ചറിഞ്ഞ ദേശീയ പാത അധികൃതർ വേദിക്ക് താഴെ ഇരിക്കുകയായിരുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റിന് സ്റ്റേജിൽ ഇരിപ്പിടം നൽകിയെങ്കിലും ഇറങ്ങിപ്പോയ പ്രവർത്തകർ തിരിച്ച് വന്നില്ല.