Kerala
ഒന്നും മറക്കല്ലേ അബുല്ലക്കുട്ടി, ബിജെപിക്ക് 125 വോട്ട്, നോട്ടക്ക് 100; ലക്ഷദ്വീപിലെ വോട്ടുകൾ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ
Kerala

'ഒന്നും മറക്കല്ലേ അബുല്ലക്കുട്ടി', ബിജെപിക്ക് 125 വോട്ട്, നോട്ടക്ക് 100; ലക്ഷദ്വീപിലെ വോട്ടുകൾ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ

Web Desk
|
11 Jun 2021 1:56 PM GMT

ലക്ഷദ്വീപില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് കമന്റ്

രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാലെ ഐഷ സുൽത്താനക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ. ഐഷ സുൽത്താനക്കെതിരെ രം​ഗത്തെത്തിയ ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടിയെ ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ഫലം ഓർമ്മപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ. 2019ലെ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 125 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം നോട്ടക്ക് 100 വോട്ടുകൾ ലഭിച്ചു. ലക്ഷദ്വീപില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് കമന്റ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അബ്ദുള്‍ ഖാദര്‍ ഹാജിക്ക് 125 വോട്ടാണ് ലഭിച്ചത്. എന്‍.സി.പി സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ഫൈസല്‍ പി.പിക്ക് 22,851 വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി മുഹമ്മദ് ഹംദുള്ള സയിദിന് 22028 വോട്ടുകള്‍ ലഭിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടിയതിനാണ് ദ്വീപ്​ സ്വദേശിയും സിനിമ പ്രവർത്തകയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് എന്ന വിമർശനവും വ്യാപകമാണ്.

അതിനിടെ ഐഷ സുല്‍ത്താനയെ കേസില്‍ കുടുക്കാനായി ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നു. ഗൂഢാലോചനയുടെ ഭാഗമായി ദ്വീപിലെ ബി.ജെ.പി നേതാക്കളും എ.പി അബ്ദുല്ലക്കുട്ടിയും സംസാരിക്കുന്നതിന്‍റെ ഓഡിയോ സന്ദേശങ്ങളാണ് പുറത്തുവന്നത്. ഐഷ സുല്‍ത്താനക്കെതിരായ ഏറ്റവും നല്ല അവസരമാണ് വന്നിരിക്കുന്നതെന്ന് ലക്ഷദ്വീപ് ബി.ജെ.പി വൈസ് പ്രസിഡന്‍റ് കെ.പി മുത്തുക്കോയ അബ്ദുല്ലക്കുട്ടിയോട് പറയുന്നതും വ്യക്തമാണ്. സംഭവത്തിന് നല്ല വാര്‍ത്താ പ്രാധാന്യം ഉണ്ടെന്ന് അബ്ലുല്ലക്കുട്ടിയും ഓഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

''എന്നെ സംബന്ധിച്ചെടുത്തോളം തോന്നുന്നത് അല്ലാഹു നമുക്ക് തന്ന ഒരു അവസരമാണ് എന്നാണ്. ലക്ഷദ്വീപിന്‍റെ സംസ്കാരമെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ കുതിര കയറുന്നത്. എന്താണ് ഈ സംസ്കാരമെന്നും ആരാണ് ഐഷ സുല്‍ത്താനയെന്നും തെളിയിക്കാനുള്ള ഒരു അവസരമാണ് വീണുകിട്ടിയിരിക്കുന്നത്.'' കെപി മുത്തുക്കോയ പറഞ്ഞു.

''നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും കേട്ടോ. അതും കൂടി പരിഗണിക്കണം. ഒരു രണ്ടോ മൂന്നോ വീഡിയോ ഇങ്ങോട്ട് അയച്ചാല്‍ മതി, നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും.'' എപി അബ്ദുല്ലക്കുട്ടി മറുപടി പറഞ്ഞു.

Similar Posts