Kerala
സംസ്ഥാന നേതാക്കള്‍ വരെ പ്രചാരണത്തിന്; എന്നിട്ടും പിറവത്ത് ബിജെപിക്ക് കിട്ടിയത് ആറു വോട്ട്!
Kerala

സംസ്ഥാന നേതാക്കള്‍ വരെ പ്രചാരണത്തിന്; എന്നിട്ടും പിറവത്ത് ബിജെപിക്ക് കിട്ടിയത് ആറു വോട്ട്!

Web Desk
|
9 Dec 2021 7:54 AM GMT

ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ഡോ. അജേഷ് മനോഹറാണ് വിജയിച്ചത്

പിറവം: നഗരസഭയിലെ 14-ാം ഡിവിഷൻ ഇടപ്പിള്ളിച്ചിറയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ ലഭിച്ചത് ആറു വോട്ട്. 2015ൽ 30 വോട്ട് കിട്ടിയിരുന്നിടത്താണ് ഇത്തവണ അത് ആറായി ചുരുങ്ങിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. പാർട്ടിക്ക് ലഭിച്ച വോട്ട് ഡിവിഷനിൽ ചർച്ചയായി. വോട്ടർമാരെ തേടിയുള്ള പാർട്ടിയുടെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.

പാർട്ടി മുനിസിപ്പൽ പ്രസിഡണ്ട് പി.സി വിനോദാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇദ്ദേഹത്തിനു വേണ്ടി ബിജെപി സംസ്ഥാന സെക്രട്ടറിമാരായ എസ് സുരേഷ്, രേണു സുരേഷ്, പാർട്ടി മധ്യമേഖലാ ഉപാധ്യക്ഷൻ എംഎൽ മധു, ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്ണൻ, പ്രഭാ പ്രശാന്ത്, തുടങ്ങിയ നേതാക്കള്‍ പ്രചാരണ രംഗത്തുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനങ്ങൾ ഡിവിഷനിലേക്ക് എത്തിക്കും എന്നായിരുന്നു സ്ഥാനാർത്ഥിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനം.

ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ഡോ. അജേഷ് മനോഹറാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അരുൺ കല്ലറക്കലിനെ 26 വോട്ടിനാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. അജേഷിന് 504 വോട്ടും അരുണിന് 478 വോട്ടും കിട്ടി. എൽഡിഎഫ് അംഗം ജോർജ് നാരേകാടൻ അന്തരിച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 116 വോട്ടിനാണ് ഇദ്ദേഹം ജയിച്ചിരുന്നത്.

പിറവം നഗരസഭ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പായിരുന്നു 14-ാം ഡിവിഷനിലേത്. ഇരുപത്തിയേഴംഗ കൗൺസിലിൽ ഭരണപക്ഷമായ ഇടതുമുന്നണിക്കും യുഡിഎഫിനും 13 സീറ്റാണ് ഉണ്ടായിരുന്നത്. വിജയത്തോടെ എൽഡിഎഫിന് 14 അംഗങ്ങളായി.

Related Tags :
Similar Posts