കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയില്ല; ശബരിമല വിഷയം കത്തിച്ചിട്ടും 15 ശതമാനം വോട്ടേ കിട്ടിയുള്ളൂ'; എസ്. ഹരീഷ്
|ക്രിസ്ത്യൻ മതവിശ്വാസികളായ എത്ര പേരെ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്ന് അടർത്തിയെടുക്കാൻ അവർക്ക് പറ്റിയിട്ടുണ്ടെന്നും ഹരീഷ് ചോദിച്ചു.
കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയില്ലെന്നും ശബരിമല പോലൊരു വിഷയം കത്തിച്ചിട്ടു പോലും കേവലം 15 ശതമാനത്തിൽ താഴെ വോട്ടേ അവർക്ക് കിട്ടിയുള്ളൂവെന്നും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആരാധനാലയമാണ് ശബരിമല. പണ്ട് ബിജെപിക്ക് മുമ്പ് ഹിന്ദു മുന്നണിയുണ്ടായിരുന്നപ്പോൾ അവർക്ക് പിന്തുണ കിട്ടിയിട്ടുള്ളത് ശബരിമല വിഷയത്തിലാണ്. അതിനു ശേഷം വീണ്ടും അതേ പ്രശ്‌നം പറഞ്ഞിട്ട് ഇത്രയും വോട്ടേ സമാഹരിക്കാൻ പറ്റിയുള്ളൂ. ഉള്ള സീറ്റ് പോവുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
ബിജെപിയെ അനുകൂലിക്കാൻ കൂടുതൽ ക്രൈസ്തവരുടെ അംഗീകാരത്തിനായി കാത്തുനിൽക്കുന്ന മതേതരമുഖമുള്ള കുറെ ഹിന്ദുക്കൾ ഉണ്ടല്ലോ, അതുണ്ടായാൽ ഉടനെ അവർങ്ങോട്ട് മാറുമെന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാരണം, കഴിഞ്ഞതവണ ലഭിച്ചത് ബിജെപിക്ക് കിട്ടാവുന്ന പരമാവധി വോട്ടാണെന്നും ശബരിമല വിഷയം കത്തിച്ചിട്ടു പോലും 15 ശതമാനത്തിൽ താഴെ വോട്ടല്ലേ അവർക്കു കിട്ടിയിള്ളൂവെന്നും 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദ് തകർന്നതിനു ശേഷം ബിജെപിക്കൊരു തിരിച്ചടിയുണ്ടായിരുന്നു. കാരണം ഇന്ത്യൻ ജനത അതിനെതിരായിരുന്നു. പിന്നീട് വാജ്‌പേയി വന്നാണ് ഒരു മിതവാദത്തിലൂടെ ബിജെപിയെ രക്ഷിച്ചത്. അതുകഴിഞ്ഞ് മോദി ഇങ്ങനെ ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്ന് ഞാൻ വിചാരിച്ചില്ല. കാരണം കേരളത്തിൽ നിന്നുകൊണ്ട് ഇന്ത്യയെ കണ്ടതിന്റെ പ്രശ്‌നമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ 2019ൽ വീണ്ടും മോദി അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം മലയാളികളും വിചാരിച്ചിരുന്നു. കേരളത്തിൽ 19 സീറ്റുകളിൽ കോൺഗ്രസിനെ വിജയിപ്പിച്ചത് എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയിക്കോട്ടെ എന്നോർത്താണ്. അല്ലാതെ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് വിചാരിച്ചല്ല.
അതേസമയം, ക്രിസ്ത്യൻ മതവിശ്വാസികളായ എത്ര പേരെ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്ന് അടർത്തിയെടുക്കാൻ അവർക്ക് പറ്റിയിട്ടുണ്ടെന്നും ഹരീഷ് ചോദിച്ചു. ജോണി നെല്ലൂരിനെ പോലയുള്ള കുറച്ചുപേരല്ലേയുള്ളൂ. അല്ലാതെ മലയാളികൾ ഗൗരവത്തിൽ കാണുന്ന എത്ര പേരെ അങ്ങോട്ട് കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കുറവല്ലേ?. കുറച്ച് ഉദ്യോഗസ്ഥരൊക്കെ പോയിട്ടുണ്ട്. അല്ലാതെ ആരാണ് ധൈര്യപൂർവം അവരുടെ കൂടെ പോവാൻ തയാറാവുന്നത്.
പോയ ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോ? കുറച്ച് സ്ഥാനമാനങ്ങൾ കിട്ടിയിട്ടുണ്ട് എന്നല്ലേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബിജെപിക്ക് വിജയ സാധ്യതയില്ലാത്തതിനാൽ അല്ലേ പലരും മാറിനിൽക്കുന്നതെന്നും അങ്ങനെ വന്നാൽ പോവില്ലേ എന്നുമുള്ള ചോദ്യത്തിന് പോവുമായിരിക്കാം, പക്ഷേ വിജയിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യതയുണ്ടായാൽ സ്ഥാനമോഹികളൊക്കെ പോവുമായിരിക്കാം. എന്നാൽ സാധ്യത കുറവാണെന്നാണ് തന്റെ വിചാരവും ആഗ്രഹവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.