Kerala
രാഹുൽ ഗാന്ധി പഴയ രാഹുലല്ല, ബിജെപി ഭയപ്പെടുകയാണ്: കെ സുധാകരൻ
Kerala

"രാഹുൽ ഗാന്ധി പഴയ രാഹുലല്ല, ബിജെപി ഭയപ്പെടുകയാണ്": കെ സുധാകരൻ

Web Desk
|
12 July 2023 12:48 PM GMT

രാഹുൽ അധികാരത്തിൽ വന്നാൽ തിരിച്ചു പിടിക്കുക എളുപ്പമല്ലെന്ന് ബിജെപിക്ക് അറിയാമെന്നും കെ സുധാകരൻ പറഞ്ഞു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്‌ തിരുവനന്തപുരം ഗാന്ധി പാർക്കിൽ മൗന സത്യഗ്രഹം സംഘടിപ്പിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു സത്യഗ്രഹം. രാഹുൽ ഗാന്ധിയെ നിശബ്ദമാക്കാൻ മോദിയും കേന്ദ്ര സർക്കാരും ശ്രമിച്ചാൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പോരാട്ടത്തിന്റെ തുടക്കമാണ് ഇതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

എ.ഐ.സി.സിയുടെ നിർദേശ പ്രകാരമാണ് രാജ്യവ്യാപകമായി മൗന സത്യാഗ്രഹം സംഘടിപ്പിച്ചത്. തിരുവനന്തപുരം ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച മൗന സത്യാഗ്രഹത്തിൽ മുതിർന്ന നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്തു. ഭരണകൂടം രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. അദാനിമാരെ സംരക്ഷിക്കാൻ വേണ്ടി രാഹുൽഗാന്ധിയെ നിശബ്ദമാക്കാൻ ശ്രമിച്ചാൽ അതിന് കഴിയില്ലെന്ന് കേന്ദ്രം ഓർക്കണമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

ഉടലോടെ സ്വർഗത്തിലേക്ക് അയക്കാൻ പോലും മടിക്കാത്ത ഭരണകൂടമാണെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. രാഹുൽ അധികാരത്തിൽ വന്നാൽ തിരിച്ചു പിടിക്കുക എളുപ്പമല്ലെന്ന് ബിജെപിക്ക് അറിയാം. രാഹുൽ ഗാന്ധി പഴയ രാഹുൽ അല്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. രാഹുൽ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് ആരോപിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. രാഷ്ട്രീയമായും നിയമപരമായും മുന്നോട്ട് പോകുമെന്ന് കോൺഗ്രസ്‌ ആവർത്തിച്ചു.

Similar Posts