'ളോഹ ഇട്ട ചിലര്‍ പിടിക്കെടാ, തല്ലെടാ എന്ന് ആക്രോശിച്ചു; ജനങ്ങൾ പ്രകോപിതരായി'-വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്
|വിവാദമായതോടെ പരാമർശത്തിൽ മലക്കംമറിഞ്ഞ് ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി കെ.പി മധു രംഗത്തെത്തിയിട്ടുണ്ട്
കൽപറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്. ആക്രമണത്തിനു പിന്നിൽ ളോഹ ഇട്ട ചിലരാണെന്നാണ് ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി കെ.പി മധു ആരോപിച്ചു. പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിലെ അക്രമസംഭവങ്ങളിലാണു പരാമർശം.
ബി.ജെ.പി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു:
''ളോഹ ഇട്ടവരുടെ ആഹ്വാനത്തിനുശേഷമാണ് പുൽപ്പള്ളിയിൽ സംഘർഷം ഉണ്ടായത്. ഇവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. സർവകകക്ഷി യോഗത്തിൽ തീരുമാനം പറയുന്ന സമയത്താണ് ചില ളോഹ ഇട്ട ആളുകൾ പിടിക്കെടാ, തല്ലെടാ എന്ന് ആക്രോശം മുഴക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ പ്രകോപിതരായത്. അതിനുശേഷമാണ് സംഘർഷമുണ്ടായത്. കുപ്പിയും കല്ലും വലിച്ചെറിയുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ പോയത്. ഏകപക്ഷീയമായി ഒരു വ്യക്തിയെ മാത്രം നോട്ടമിട്ടാണ് കേസെടുത്തത്. ഇത് ബി.ജെ.പി അംഗീകരിക്കില്ല.''
എന്നാൽ, പരാമർശങ്ങൾ വിവാദമായതോടെ നിഷേധവുമായി കെ.പി മധു രംഗത്തെത്തി. ഇത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മധു പറഞ്ഞു.
Summary: ''Some cassock clad people are behind the Pulpally attack in wild animal attack protest'': Says BJP Wayanad District Secretary KP Madhu