Kerala
ബീഫ് പശുവല്ല, പോത്താണ്; കഴിക്കരുതെന്ന് ബി.ജെ.പി ഒരിക്കലും പറഞ്ഞിട്ടില്ല-എം.ടി രമേശ്
Kerala

ബീഫ് പശുവല്ല, പോത്താണ്; കഴിക്കരുതെന്ന് ബി.ജെ.പി ഒരിക്കലും പറഞ്ഞിട്ടില്ല-എം.ടി രമേശ്

Web Desk
|
31 March 2024 11:28 AM GMT

''കേരളത്തിൽ പൊതുവെ എല്ലാവരും ബീഫ് കഴിക്കാറുണ്ട്. അതു കഴിക്കുന്ന ബി.ജെ.പിക്കാരും ഉണ്ടാകും. ബി.ജെ.പിക്കാരായതുകൊണ്ട് ബീഫ് കഴിക്കാൻ പാടില്ലെന്ന നിയമമൊന്നുമില്ല.''

കോഴിക്കോട്: ബീഫ് പശുവാണെന്നതു തെറ്റിദ്ധാരണയാണെന്നും അതു കഴിക്കരുതെന്ന് ബി.ജെ.പി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ലെന്നും കോഴിക്കോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി എം.ടി രമേശ്. പൊതുവെ മലയാളികൾ എല്ലാവരും കഴിക്കുന്ന വിഭവമാണ് ബീഫ്. അതിൽ ബി.ജെ.പിക്കാരും ഉണ്ടാകുമെന്നും ഇഷ്ടമുള്ളവർക്കു കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മലയാളം മാധ്യമത്തോടാണ് എം.ടി രമേശിന്റെ പ്രതികരണം. ''ഇഷ്ടമുള്ളയാളുകൾക്ക് പുട്ടിന്റെ കൂടെ ബീഫ് നല്ല കോമ്പിനേഷനാണ്. ഞാൻ ബീഫ് കഴിക്കാറില്ല എന്നേയുള്ളൂ. കഴിക്കുന്നവരോട് ഒരു വിരോധവുമില്ല. കഴിക്കരുതെന്ന നിലപാടുമില്ല. ഇഷ്ടമുള്ളവർക്ക് ബീഫ് കഴിക്കാം. ബി.ജെ.പിക്കാർ ബീഫ് കഴിക്കില്ലെന്നൊന്നുമില്ല. ഇഷ്ടമുള്ളവർ കഴിക്കാറുണ്ട്. ബി.ജെ.പിക്കാരായതുകൊണ്ട് ബീഫ് കഴിക്കാൻ പാടില്ലെന്ന നിയമമൊന്നുമില്ല.''-അദ്ദേഹം പറഞ്ഞു.

ബീഫ് മലയാളികൾ കഴിക്കുന്ന ഒരു വിഭവമാണെന്നും ഭക്ഷണം ഓരോ നാടിന്റെയും സംഗതികളാണെന്നും രമേശ് പറഞ്ഞു. കേരളത്തിൽ പൊതുവെ എല്ലാവരും ബീഫ് കഴിക്കാറുണ്ട്. അതു കഴിക്കുന്ന ബി.ജെ.പിക്കാരും ഉണ്ടാകും. ഭക്ഷണം അവനവന്റെ താൽപര്യവും വ്യക്തിപരമായ ഇഷ്ടങ്ങളുമാണ്. എന്താണോ താൽപര്യം അതു കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.

''ബീഫ് പശുവല്ല. അതു തെറ്റിദ്ധാരണയാണ്. പോത്താണത്. അതുകൊണ്ട് അതിൽ ഒരു പ്രശ്‌നമില്ല. ബീഫ് കഴിക്കേണ്ടെന്ന് ബി.ജെ.പി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. ഭക്ഷണം ഓരോരുത്തർക്കും അവരവരുടെ താൽപര്യം അനുസരിച്ചു കഴിക്കാം. വോട്ട് ചോദിക്കാൻ പോകുമ്പോൾ ബീഫ് വിഷയം ആരും ചോദിക്കാറില്ല. ഇതൊക്കെ വെറും പ്രചരണം മാത്രമാണെന്ന് ആളുകൾക്ക് അറിയാം. അവരുടെ ജീവിതപ്രശ്‌നങ്ങളെക്കുറിച്ചാണ് ആളുകൾ പറയുക.''

വെള്ളം കിട്ടാത്തതിനെ കുറിച്ചും പെൻഷൻ കിട്ടാത്തതിനെ കുറിച്ചും റേഷൻ കടകളിൽ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് അരി കിട്ടാത്തതിനെ കുറിച്ചുമെല്ലാം ആളുകൾ പരാതിയായി പറയാറുണ്ട്. കഴിക്കാൻ ബീഫ് കിട്ടാറില്ലെന്ന് ആരും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട്.

ഞാൻ വെജിറ്റേറിയനല്ല. രാവിലെ കഴിക്കാറില്ല എന്നു മാത്രമേയുള്ളൂ. മീൻ നല്ല ഇഷ്ടമാണ്. ചിക്കനെക്കാൾ ഇഷ്ടം മീനാണ്. ഉച്ചയ്ക്ക് ഒരു മീൻകറിയും ചോറും കിട്ടിയാൽ മതിയെന്നും രമേശ് പറഞ്ഞു.

അമ്പലമുണ്ടാക്കലല്ല, ആശുപത്രി ഉണ്ടാക്കലാണ് സർക്കാരിന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ എവിടെയും സർക്കാർ അമ്പലമുണ്ടാക്കിയിട്ടില്ല. അമ്പലമായാലും പള്ളിയായാലും ആരാധാനാലയങ്ങളുണ്ടാക്കൽ സർക്കാരിന്റെ ജോലിയല്ല. അതു വിശ്വാസികളുടെ പണിയാണ്. അവർ ഉണ്ടാക്കിക്കൊള്ളും. അതിന് എന്തെങ്കിലും നിയമപരമായ സഹായം ആവശ്യമാണെങ്കിൽ അതുമാത്രമേ സർക്കാർ ചെയ്യേണ്ടതുള്ളൂ. ബി.ജെ.പി എവിടെയും അമ്പലം ഉണ്ടാക്കിയിട്ടില്ല. എല്ലാ മതവിശ്വാസികളുമുള്ള പാർട്ടിയാണ് ബി.ജെ.പി. പാർട്ടി അമ്പലവും പള്ളിയും ഉണ്ടാക്കാറില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

രാമക്ഷേത്രം അമ്പലം മാത്രമല്ല, നമ്മുടെ നാടിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. 500 വർഷമായുള്ള പരിശ്രമമാണ്. രാമക്ഷേത്ര നിർമാണത്തിന് സഹായകരമായ നിയമപരമായ തടസങ്ങൾ നീക്കുമെന്നാണ് ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞത്. കോടതിവിധി വരെ കാത്തിരുന്നു. വിധി വന്ന ശേഷം നിയമപരമായ സഹായങ്ങൾ ചെയ്തുകൊടുത്തു. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് ഉണ്ടാക്കിയത്. അതിലൊന്നും സർക്കാരിനു പങ്കില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമാക്കാൻ വേണ്ടി ഞങ്ങൾ ഒരിടത്തും വോട്ട് ചോദിച്ചിട്ടില്ല. രാമക്ഷേത്രം നിർമിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കു സഹായം ചെയ്തുകൊടുക്കുമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. തന്റെ ഏറ്റവും അടുത്ത ആറോ ഏഴോ സുഹൃത്തുക്കളിൽ രണ്ടുമൂന്നു പേർ മുസ്‌ലിംകളാണെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.

Summary: ''It is a misunderstanding that beef is cow and BJP has never told anyone not to eat it'': Kozhikode Lok Sabha Constituency NDA candidate and senior BJP leader MT Ramesh

Similar Posts