ബിജെപി നേതാവിന്റെ കൊലപാതകം; 11 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ
|സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ 11 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. ആംബുലൻസിലാണ് പ്രതികൾ പ്രതികളെത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ നഗരത്തിൽ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബുലൻസിലെത്തിയ പ്രതികൾ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് നടന്നത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ്. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലയിൽ ഇന്നും നാളെയുമാണ് കലക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ് ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികൾ ശേഷം വെടട കൊലപ്പെടുത്തുകയായിരുന്നു. പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾപ്രകാരം അഞ്ചംഗ സംഘമാണ് കെ.എസ് ഷാനെ വെട്ടികൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കെ.എസ് ഷാൻ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സംഭവം നടന്നതിന് പിന്നാലെ എസ്.ഡി.പി.ഐ പ്രതികരിച്ചിരുന്നു.
ഇന്ന് പുലർച്ചെയാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ വെള്ളക്കിണറിലായിരന്നു സംഭവം. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടംഗ സംഘമാണ് രഞ്ജിത്തിൻറെ കൊലപാതത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിന് എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.