Kerala
BJP leader P Krishnadas fails to prove channel debate challenge, BJP leader P Krishnadas fails to prove  32,000 Love Jihad case claim, Ernakulam DCC general secretary Raju P Nair, The Kerala Story controversy
Kerala

ചാനൽ ചർച്ചയിൽ 'ലവ് ജിഹാദ്' വെല്ലുവിളി; രേഖ നല്‍കാനാകാതെ വിയർത്ത് ബി.ജെ.പി നേതാവ്

Web Desk
|
30 April 2023 4:47 PM GMT

എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായരാണ് ബി.ജെ.പി പ്രതിനിധി പി. കൃഷ്ണദാസിന്റെ വെള്ളുവിളി ഏറ്റെടുത്ത് രംഗത്തെത്തിയത്

കൊച്ചി: വിവാദമായ 'ദി കേരള സ്റ്റോറി'യിലെ വ്യാജ ആരോപണങ്ങൾക്ക് തെളിവ് നൽകാമെന്ന വെല്ലുവിളി പൂർത്തീകരിക്കാനാകാതെ ബി.ജെ.പി നേതാവ് അഡ്വ. പി. കൃഷ്ണദാസ്. നേരിൽ വന്നാൽ വ്യാജ ലവ് ജിഹാദ് ആരോപണങ്ങളുടെ രേഖ നൽകാമെന്നാണ് 'കൈരളി' ചാനലിൽ നടന്ന ചർച്ചയിൽ കൃഷ്ണദാസ് അവകാശപ്പെട്ടത്. എന്നാൽ, കോൺഗ്രസ് എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ വെല്ലുവിളി ഏറ്റെടുത്തെങ്കിലും അന്വേഷണ ഏജൻസികൾ തള്ളിക്കളഞ്ഞ ഏതാനും കേസുകൾ മാത്രമാണ് ബി.ജെ.പി നേതാവിന് കാണിക്കാനായത്.

ഇന്നു രാവിലെ 11 മണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുമെന്നും 32 ലവ് ജിഹാദ് കേസുകളുടെ തെളിവ് കാണിച്ചാൽ അംഗീകരിക്കാമെന്നും രാജു പി. നായർ അറിയിച്ചു. 11 മണിക്ക് കോൺഗ്രസ് നേതാവ് സ്ഥലത്തെത്തി ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ, ഈ സമയത്തൊന്നും കൃഷ്ണദാസ് സ്ഥലത്തെത്തിയില്ല. ഏറെനേരം കഴിഞ്ഞാണ് പിന്നീട് ഇദ്ദേഹം എത്തിയത്.

എന്നാൽ, അവകാശപ്പെട്ടതുപോലെ പത്തു കേസുകളുടെ രേഖകൾ പോലും സമർപ്പിക്കാൻ ബി.ജെ.പി നേതാവിനായില്ലെന്ന് രാജു പി. നായർ പറഞ്ഞു. 2008 മുതൽ എൻ.ഐ.എ രജിസ്റ്റർ ചെയ്തിട്ടുള്ള ചില കേസുകളാണ് അദ്ദേഹം കാണിച്ചത്. അന്വേഷണ ഏജൻസിസകൾ തന്നെ പിന്നീട് തള്ളിക്കളയുകയും അത്തരം കേസുകളുണ്ടായിട്ടില്ലെന്ന് പിന്നീട് ഇന്ത്യൻ പാർലമെന്റിൽ വ്യക്തമാക്കുകയും ചെയ്തതവയാണ് അവ. ലവ് ജിഹാദില്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയ കേസുകളാണ് അദ്ദേഹം കാണിച്ചത്. 32,000 എന്ന സിനിമയിലെ കണക്ക് ബി.ജെ.പി ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹത്തിനു സമ്മതിക്കേണ്ടിവന്നു. ഇത്തരം പൊള്ളത്തരങ്ങളുമായി കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ബി.ജെ.പി നീക്കത്തെ ചെറുക്കാനാണ് താൻ ശ്രമിച്ചതെന്നും രാജു പി. നായർ ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിച്ചു.

'ഹിന്ദു യുവതികളെ മുസ്‌ലിം സമുദായത്തിൽനിന്നുള്ളവർ പ്രണയിച്ച് തീവ്രവാദികളായ നിരവധി കേസുകളുണ്ടെന്നാണ് ബി.ജെ.പി പ്രതിനിധി കൃഷ്ണദാസ് അവകാശപ്പെട്ടത്. അവയുടെ രേഖകൾ കൈയിലുണ്ടെന്നും ചെന്നാൽ കാണിച്ചുതരാമെന്നും വെല്ലുവിളിക്കുകയും ചെയ്തു. 32,000 വേണ്ട അത്തരത്തിലുള്ള 32 കേസുകൾ കാണിച്ച് ബോധ്യപ്പെടുത്താൻ ചർച്ചയിൽ വെല്ലുവിളി ഏറ്റെടുത്ത് ഞാൻ ആവശ്യപ്പെട്ടു. ഏതാനും കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും നിരവധി സംഭവങ്ങളിൽ തീവ്രവാദ സംഘങ്ങളുമായി ബന്ധമില്ലെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് അടക്കം ലവ് ജിഹാദ് ഇല്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കിയതാണ്. കോൺഗ്രസ് എം.പി ബെന്നി ബെഹന്നാനിന്റെ ചോദ്യത്തോടും കേന്ദ്ര സർക്കാർ ഇക്കാര്യം വിശദീകരിച്ചിരുന്നു.'

എന്നാൽ, ബി.ജെ.പി അതിനെയൊരു പ്രോപഗണ്ടയാക്കി കേരളത്തിലെ മതസൗഹാർദത്തെ തകർക്കാനും വർഗീയധ്രുവീകരണം നടത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജു പി. നായർ പറഞ്ഞു. ക്ഷേത്രവരുമാനം മുഴുവൻ സർക്കാർ അടിച്ചുകൊണ്ടുപോയി മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും കൊടുക്കുകയാണെന്ന വ്യാപകമായ പ്രചാരണം ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ നടത്തിയിരുന്നു. നിയമസഭയിൽ ആധികാരികമായ രേഖകൾ കൊണ്ടുവന്ന് ബി.ജെ.പി നടത്തുന്നത് പച്ചക്കള്ളമാണെന്ന് കേരളം സ്ഥാപിച്ചു.

അതുപോലെത്തന്നെ തുറന്നുകാണിക്കേണ്ട ഒരു സംഗതിയാണിത്. കേരളത്തിലുടനീളം മതവിദ്വേഷം പടർത്തി ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വലിയ അരക്ഷിതബോധം സൃഷ്ടിച്ച് അതിൽനിന്ന് രാഷ്ട്രീയനേട്ടം കൊയ്യുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇത്തരത്തിലൊരു സംഭവം കേരളത്തിൽ നടക്കുന്നില്ലെന്ന കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വെല്ലുവിളി ഏറ്റെടുത്ത്, കൃത്യസമയത്ത് 11 മണിക്ക് എത്തിയത്. കേരളത്തിന്റെ സൗഹാർദം തകർക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കാനായാണ് കോൺഗ്രസിന്റെ പിന്തുണയോടെ താൻ രംഗത്തെത്തിയതെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

Summary: BJP leader Adv. P Krishnadas fails to prove his challenge in channel debate to show record of 32,000 'Love Jihad' cases, as alleged in controversial 'The Kerala Story' movie , after Ernakulam DCC general secretary Raju P Nair asks him to prove the claim

Similar Posts