അദ്വാനിയുടെ ആത്മകഥ പ്രകാശനം ചെയ്യാനെത്തിയ മമ്മൂട്ടിയെ പിന്തുണക്കുക ബാധ്യതയെന്ന് ബി.ജെ.പി നേതാവ്
|മമ്മൂട്ടിയെ പിന്തുണച്ചതിന് സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് സൈബർ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് വിശദീകരണവുമായി എ.എൻ രാധാകൃഷ്ണൻ രംഗത്തെത്തിയത്
കൊച്ചി: വിദ്വേഷ പ്രചാരണത്തിനെതിരെ മമ്മൂട്ടിയെ പിന്തുണച്ചതിന് സംഘ്പരിവാർ പ്രൊഫൈലുകളിൽ സൈബർ ആക്രമണം ഉണ്ടായതിന് പിന്നാലെ വിശദീകരണവുമായി ബി.ജെ.പി വൈസ്പ്രസിഡന്റ് എ.എൻ രാധാകൃഷ്ണണൻ. ബാബരി മസ്ജിദ് തകർക്കലിനും ഗുജറാത്ത് കലാപത്തിനും ശേഷം കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ ബിജെപിക്കും സംഘപരിവാറിനുമെതിരെ രംഗത്തെത്തിയ കാലത്ത് അദ്വാനിയുടെ ആത്മകഥ ‘My country My Life’ഏറ്റുവാങ്ങി പ്രകാശനം ചെയ്യാൻ യാതൊരു മടിയും കൂടാതെ പങ്കെടുത്ത കലാകാരനാണ് മമ്മൂട്ടി. വാസ്തവവിരുദ്ധമായ ഒരു ആരേപണത്തിന്റെ പേരിൽ അദ്ദേഹം വിചാരണചെയ്യപ്പെടുമ്പോൾ പിന്തുണക്കേണ്ടത് എന്റെ ബാധ്യതയാണ്. അതിന് ആരെയും ഭയപ്പെടേണ്ട ആവശ്യം തനിക്കില്ലെന്നും എ.എൻ രാധാകൃഷ്ണൻ പോസ്റ്റിൽ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന കണ്ണൂർ ജില്ലയിൽ 19 ാം വയസിൽ ആർ.എസ്.എസ് പ്രചാരകനായിട്ടാണ് രാഷ്ട്രസേവനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ എന്റെ ദേശ സ്നേഹവും രാഷ്ട്രീയ പ്രതിബദ്ധതയും സമാജത്തോടുള്ള കൂറും സമൂഹമാധ്യമത്തിലെ മുഖമില്ലാത്ത പോരാളികളുടെ വിചാരണക്ക് മുമ്പിൽ അടിയറവുവെയ്ക്കാൻ ഉദ്ദേശം ഇല്ലെന്നും പോസ്റ്റിൽ പറയുന്നു.
മമ്മൂട്ടിക്കെതിരെ സംഘ്പരിവാർ പ്രൊഫൈലുകൾ നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ എ.എൻ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി. നായരും നമ്പൂതിരിയും നാടാരും ദളിതനും മുസൽമാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളിൽ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം.
അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല. വ്യക്തിപരമായി അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയാമെന്നുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. ഈ പോസ്റ്റിനെതിരെ വൻ സൈബർ ആക്രമണമാണ് സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്നുണ്ടായത്.
എ.എൻ രാധാകൃഷ്ണന്റെ പോസ്റ്റിന്റെ പൂർണരൂപം
അയോദ്ധ്യ വിഷയത്തിനും ഗുജറാത്ത് കലാപത്തിനും ശേഷം കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ ബിജെപി യെയും സംഘപരിവാറിനെയും കരിമ്പട്ടികയിൽപെടുത്തി ആക്രമിച്ചിരുന്നകാലത്ത് ബഹുമാന്യനായ അദ്വാനിജിയുടെ ആത്മകഥ “My country My Life“ എറണാകുളത്ത് നടന്ന ചടങ്ങിൽ അദ്വാനിജിയുടെ സാനിധ്യത്തിൽ ഏറ്റുവാങ്ങി പ്രകാശനം ചെയ്യാൻ പ്രസ്തുതപരിപാടിയുടെ കൺവീനർ ആയിരുന്ന ഞാൻ പോയി ക്ഷണിച്ചപ്പോൾ യാതൊരു മടിയും കൂടാതെ രാഷ്ട്രീയ സാമുദായിക എതിർപ്പുകൾ വകവെക്കാതെ പങ്കെടുത്ത മമ്മൂട്ടി എന്ന കലാകാരൻ ഇന്ന് വാസ്തവവിരുദ്ധമായ ഒരു ആരോപണത്തിന്റെ പേരിൽ വിചാരണചെയ്യപെടുമ്പോൾ പിന്തുണക്കേണ്ടത് എന്റെ ബാധ്യതയാണ്. അതിനു ആരെയും ഭയപ്പെടേണ്ട ആവശ്യം എനിക്ക് ഇല്ല.
15 ആം വയസിൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അടിയന്തരാവസ്ഥ പോരാളിയായി കർമ്മപഥത്തിൽ ഇറങ്ങിയ ഞാൻ ഭാരതീയ ജനത പാർട്ടി രൂപീകരിക്കുന്നതിനും മുമ്പ് 19 ആം വയസിൽ അന്നത്തെ കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന കണ്ണൂർ ജില്ലയിലെ RSS പ്രചാരകനായിട്ടാണ് മുഖ്യധാരയിലെ എന്റെ രാഷ്ട്രസേവനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ എന്റെ ദേശ സ്നേഹവും രാഷ്ട്രീയ പ്രതിബദ്ധതയും സമാജത്തോടുള്ള കൂറും സമൂഹമാധ്യമത്തിലെ മുഖമില്ലാത്ത പോരാളികളുടെ വിചാരണക്ക് മുമ്പിൽ അടിയറവുവെയ്ക്കാൻ ഉദ്ദേശം ഇല്ല.