'സർക്കാർ വേട്ടയാടുന്നു': ബി.ജെ.പി നേതാക്കൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
|മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ബിജെപി നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ ബിജെപിയെ വേട്ടായാടുന്നു എന്ന് നേതാക്കൾ ഗവർണറെ പരാതി അറിയിച്ചു. മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കേസ് കെട്ടിച്ചമച്ചതാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
അതേസമയം കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി പരാതിക്കാരനായ വി.വി രമേശന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇന്നലെയാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം.